ലോകമെമ്പാടും ചർച്ചയും ഒപ്പം വിവാദവുമാകുകയാണ് സ്പാനിഷ് ക്ലബ് സെവിയ്യയുടെ പന്ത്രണ്ട് വയസുകാരൻ സ്ട്രൈക്കർ ഇബ്രാഹിമ സോ. കഴിഞ്ഞ ദിവസം വിയ്യാറയൽ ജൂനിയർ ടീമിനെതിരായ മത്സരത്തിൽ സോയുടെ ചിത്രം പുറത്തുവന്നതോടെയാണിത്. സോയുടെ അസാധാരണ ശരീരവലിപ്പം തന്നെയാണിതിന് കാരണം
സെനഗലീസ് താരമായ സോ 2018-ലാണ് സെവിയ്യയിൽ എത്തുന്നത്. അഞ്ചരയടിലേറെ ഉയരുമുണ്ട് സോയ്ക്ക്. അതിനൊത്ത വണ്ണവും. ടീമിലെ സഹതാരങ്ങളും എതിർ ടീമിലെ താരങ്ങളുമൊക്കെ സോയുടെ പകുതി മാത്രമെ ഉള്ളു. സെവിയ്യ ജൂനിയർ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സോ, തന്റെ ശാരീരിക മികവ് കൂടി ഉപയോഗിച്ച് മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 29 ഗോളുകൾ സോ നേടി.
സോയുടെ ചിത്രങ്ങൾ ശ്രദ്ധേയമായതോടൊപ്പം വിവാദവും ഉയർന്നുകഴിഞ്ഞു. പ്രായത്തെച്ചൊല്ലിയാണ് വിവാദങ്ങൾ. രേഖകളിൽ പ്രായം തെറ്റായി രേഖപ്പെടുത്തിയതാകാം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം തന്നെ 2007-ലാണ് സോ ജനിച്ചതെന്ന് സെവിയ്യ അധികൃതർ അവകാശപ്പെടുന്നു