SHARE

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ പുത്തൻ താരോദയമാണ് ഷഫാലി വർമ്മ എന്ന പതിനാറുകാരി. ഹരിയാനയിലെ റോത്തക്ക് സ്വദേശിനിയായ ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസ്ട്രേലിയയിൽ നടന്ന് കൊണ്ടിരിക്കുന്ന വനിതാ ടി20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. മൂന്ന് മത്സരങ്ങളിലും ബാറ്റിംഗ് വെടിക്കെട്ട് തീർത്ത ഷഫാലി, വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ് എന്ന വിശേഷണവും നേടിക്കഴിഞ്ഞു.

ലോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 15 പന്തുകളിൽ 29 റൺസ് നേടിയാണ് ഷഫാലി തുടങ്ങിയത്. 5 ബൗണ്ടറികളും ഒരു സിക്സറുമായിരുന്നു ഈ ഇന്നിംഗ്സിലുണ്ടായിരുന്നത്. രണ്ടാം മത്സരത്തിൽ ഷഫാലിയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ തീവ്രത അല്പം കൂടി വർധിച്ചു. വെറും 17 പന്തുകളിൽ നേടിയത്‌ 39 റൺസ്. അടിച്ചു പറത്തിയത് 2 ബൗണ്ടറികളും 4 സിക്സറുകളും.

ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിലും ഷഫാലി ഷോയായിരുന്നു ഇന്ത്യൻ ബാറ്റിംഗിലെ പ്രത്യേകത. 34 പന്തുകളിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 46 റൺസായിരുന്നു ഷഫാലി നേടിയത്. ഇത്തവണത്തെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 114 റൺസ് നേടിയ ഷഫാലി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 172.73 പ്രഹരശേഷിയിലാണ് താരത്തിന്റെ ബാറ്റിംഗ് വിസ്ഫോടനമെന്നതാണ് ഏറ്റവും ശ്രദ്ധേയം. 11 ബൗണ്ടറികളും, 8 സിക്സറുകളും നേടിയ ഷഫാലിയാണ് ഇത്തവണ ഏറ്റവും കൂടുതൽ സിക്സറടിച്ച താരവും.