SHARE

അഫ്രീദി എന്ന് കേൾക്കുമ്പോൾ പാകിസ്ഥാൻ ഇതിഹാസ ഓൾ റൗണ്ടർ ഷഹീദ് അഫ്രീദിയുടെ മുഖമാണ് ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്നത്. എന്നാൽ ഇപ്പോളിതാ ഷഹീദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം പാക് ടീമിലെ സ്ഥിര സാന്നിധ്യമാകാൻ തയ്യാറെടുക്കുന്നത് മറ്റൊരു അഫ്രീദിയാണ്. പതിനെട്ടുകാരനായ ഈ താരത്തിന്റെ മുഴുവൻ പേര് ഷഹീൻഷാ അഫ്രീദി.

പാകിസ്ഥാൻ സൂപ്പർ ലീഗിലേയും ഈ വർഷം ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലേയും പ്രകടനങ്ങളോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഷഹീൻഷാ അഫ്രീദിയുടെ അടുത്ത ലക്ഷ്യം പാകിസ്ഥാൻ ദേശീയ ടീമിലെ സ്ഥിര സ്ഥാനമാണ്. ഈ വർഷം ഏപ്രിലിൽ വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഷഹീൻഷാ, ഈ മാസം സ്കോട്ലൻഡുമായി നടക്കാനിരിക്കുന്ന രണ്ട് മത്സര ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിലും സ്ഥാനം നിലനിർത്തിയിട്ടുണ്ട്‌. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ പാക് ടീമിൽ തന്റെ സ്ഥാനം ഉറപ്പാക്കാം എന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഇടത് കൈയ്യൻ ബാറ്റ്സ്മാനും, ഇടത് കൈയ്യൻ മീഡിയം പേസറുമായ ഈ പതിനെട്ടുകാരൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖ്വലാൻഡേഴ്സിന്റെ താരമാണ്. വളർന്ന് വരുന്ന ഓൾ റൗണ്ടറായ ഷഹീൻഷാ പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്ന് പ്രശസ്തരായ പല മുൻ താരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ അടുത്ത കുറച്ച് നാളത്തേക്ക് പാകിസ്ഥാന്റെ പച്ച ജേഴ്സിയിൽ ഈ ‘കുട്ടി’ അഫ്രീദിയെ കാണാം.