SHARE

ഈ വർഷം നവംബറിൽ ആരംഭിക്കാനിരിക്കുന്ന പ്രഥമ എഡിഷൻ ശ്രീലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്ന ഗാലെ ഗ്ലാഡിയേറ്റേഴ്സിന്റെ ഐക്കൺ താരമായി മുൻ പാക് നായകൻ ഷഹീദ് അഫ്രീദിയെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോളിതാ പാകിസ്ഥാന്റെ മറ്റൊരു മുൻ നായകനായ സർഫറാസ് അഹമ്മദും, ഗാലെ ഗ്ലാഡിയേറ്റേഴ്സിൽ കളിക്കുമെന്ന് ഉറപ്പായിരിക്കുന്നു. ഗാലെ ടീമിന്റെ ഉടമസ്ഥനായ നദീം ഒമറാണ് ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ടൂർണമെന്റിന് മുന്നേ തന്നെ ഗാലെ ടീമിന്റെ താരത്തിളക്കം വർധിച്ചിരിക്കുന്നു

അതേ സമയം പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗ് ഈ വർഷം നവംബർ 14 ന് ആരംഭിച്ച് ഡിസംബർ 6 നാണ് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് (എസ് എൽ സി) ആണ് ടൂർണമെന്റിന്റെ തീയതി പ്രഖ്യാപിച്ചത്. നേരത്തെ കഴിഞ്ഞ മാസം 28 ന് ആരംഭിക്കാനിരുന്ന ലങ്കൻ ലീഗ്, പിന്നീട് നീട്ടി വെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

അഞ്ച് ടീമുകളാണ് പ്രഥമ എഡിഷ‌ൻ ലങ്കൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. കൊളംബോ, കാൻഡി, ഗാലെ, ദാംബുള്ള, ജാഫ്ന എന്നീ നഗരങ്ങൾ ആസ്ഥാനമാക്കിയായിരിക്കും ഈ ടീമുകൾ. മത്സരങ്ങളെല്ലാം നടക്കുക ദാംബുള്ള, കാൻഡി, ഹംബൻറ്റോറ്റ എന്നിവിടങ്ങളിലാകും.