SHARE

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്ന ഗാലെ ഗ്ലാഡിയേറ്റേഴ്സ് ടീമിനെ പാക് സൂപ്പർ താരം ഷഹീദ് അഫ്രീദി നയിക്കും. നേരത്തെ മുൻ പാക് നായകൻ സർഫറാസ് അഹമ്മദായിരുന്നു ഗാലെ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതപ്പെട്ടിരുന്നത്‌. എന്നാൽ ദേശീയ ടീമിനൊപ്പം മത്സരമുള്ളതിനെത്തുടർന്ന് സർഫറാസ് ലങ്കൻ ലീഗിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് അഫ്രീദിക്ക് ടീമിലേക്കും ക്യാപ്റ്റൻസിയിലേക്കും അവസരമെത്തിയത്‌.

ഈ മാസം 23 ന് ശ്രീലങ്കയിലെത്തുന്ന അഫ്രീദി, 3 ദിവസ ക്വാറന്റൈന് ശേഷം ടീമിനൊപ്പം ചേരുമെന്നാണ് സൂചനകൾ. 27 ന് ജാഫ്ന സ്റ്റാലിയൺസിനെതിരെയാണ് ലീഗിൽ ഗാലെയുടെ ആദ്യ മത്സരം. പാക് ഇതിഹാസം വഖാർ യൂനിസാണ് ഗാലെ ഗ്ലാഡിയേറ്റേഴ്സിന്റെ മെന്റർ.

ഈ മാസം 26-ം തീയതി കൊളംബോയും, കാൻഡിയും തമ്മിൽ നടക്കുന്ന മത്സരത്തോടെ കൊടിയേറുന്ന ലങ്കൻ ടി20 പൂരം, ഡിസംബർ 16 നാണ് അവസാനിക്കുക. വൈകിട്ട് 3.30 നും, 7.30 നുമാണ് ലീഗിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഹംബൻറ്റോറ്റയിലെ മഹിന്ദ രജപക്സെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾകും വേദിയാവുക.

നേരത്തെ കാൻഡിയിലെ പല്ലക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് ഒരു സ്റ്റേഡിയത്തിലേക്ക് മാത്രമായി ടൂർണമെന്റ് ചുരുക്കാൻ ശ്രീലങ്ക ക്രിക്കറ്റ് അധികൃതർ തീരുമാനിക്കുകയായിരുന്നു. കൊളംബോ, കാൻഡി, ഗാലെ, ദാംബുള്ള, ജാഫ്ന എന്നീ ലങ്കൻ നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള 5 ടീമുകളാണ് പ്രഥമ എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ മത്സരിക്കുക.