SHARE

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൊഹാലിയില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ 52 പന്തില്‍ 72 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ഇന്ത്യന്‍ ടീമിനെ ജയത്തിലെത്തിച്ച കോഹ്‌ലിയുടെ പ്രകടനത്തിനു പിന്നാലെയാണ് അഫ്രീദി പ്രശംസയുമായി രംഗത്തെത്തിയത്.

അഭിനന്ദനങ്ങള്‍ വിരാട് കോഹ്‌ലി. നിങ്ങള്‍ വിഖ്യാത താരമാണ്. മികവ് തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങള്‍ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുകയെന്ന് അഫ്രീദി ട്വീറ്റ് ചെയ്തു. ആദ്യമായിട്ടല്ല അഫ്രീദി വിരാടിനെ പ്രശംസിക്കുന്നത്.

മൊഹാലിയിലെ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. അന്താരാഷ്ട്ര ട്വന്റി-20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം രോഹിത് ശര്‍മയെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കി. നിലവില്‍ രോഹിത് 97 മത്സരങ്ങളില്‍ 2434 റണ്‍സും കോഹ്‌ലി 71 മത്സരങ്ങളില്‍ 2441 റണ്‍സും നേടിയിട്ടുണ്ട്.