SHARE

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും വേണമെന്ന് പാക് ക്രിക്കറ്റ് ഇതിഹാസം ഷഹീദ് അഫ്രീദി. ഇന്ത്യൻ താരങ്ങളുടെ വരവ് പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ താരപ്പകിട്ട് വർധിക്കുമെന്നും ടൂർണമെന്റിന്റെ ജനപ്രീതി കൂട്ടാൻ അത് സഹായിക്കുമെന്നും അഫ്രീദി പറയുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗ് അതിന്റെ മൂന്നാം സീസണിലേക്ക് കടന്നിട്ടും ഒരിന്ത്യൻ താരം പോലും ടൂർണമെന്റിൽ കളിച്ചിട്ടില്ല. ഈ പ്രവണതയ്ക്ക് ഇനിയെങ്കിലും മാറ്റം വരേണ്ടതുണ്ടെന്നാണ് അഫ്രീദിയുടെ പക്ഷം.

അതേ സമയം പാകിസ്ഥാനിൽ നടക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിക്കാൻ വിസമ്മതം പ്രകടിപ്പിച്ച വിദേശ താരങ്ങൾക്കെതിരെയും അഫ്രീദി ആഞ്ഞടിച്ചു. ഇത് പോലുള്ള താരങ്ങൾ അതാത് ഫ്രാഞ്ചസികൾക്ക് ഒട്ടും ഉപകാരപ്പെടില്ലെന്നും, അങ്ങനെയുള്ളവർക്ക് ടീമുകൾ കരാർ നൽകരുതെന്നും അഫ്രീദി തുറന്നടിച്ചു.

ഈ വർഷത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങളും ആദ്യ ക്വാളിഫയർ മത്സരവും യു.എ. ഇ യിൽ നടന്നപ്പോൾ, ബാക്കി പ്ലേ ഓഫ് മത്സരങ്ങൾക്ക് പാകിസ്ഥാനാണ് വേദിയാവുന്നത്. എന്നാൽ പാകിസ്ഥാനിൽ കളിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് പല വിദേശ താരങ്ങളും യു.എ.ഇ യിൽ നടന്ന ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം അവരവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. ഇത്തവണ പാകിസ്ഥാനിൽ കളിക്കാതെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളെ അടുത്ത വർഷത്തെ ടൂർണമെന്റിന് മുന്നോടിയായുള്ള പ്ലേയേഴ്സ് ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തരുതെന്ന് പാകിസ്ഥാൻ ദേശീയ ടീം നായകൻ സർഫറാസ് അഹമ്മദും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അഭിപ്രായം അറിയിച്ച് അഫ്രീദി മുന്നോട്ട് വന്നിരിക്കുന്നത്.