SHARE

പാക്കിസ്ഥാന്റെ എക്കാലത്തെയും തകര്‍പ്പന്‍ ബാറ്റ്‌സ്മാനായ ഷാഹിദ് അഫ്രീദിയുടെ ബന്ധുവായ ഇര്‍ഫാന്‍ അഫ്രീദിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇര്‍ഫാന്‍ പാക്കിസ്ഥാന് വേണ്ടി കളിച്ചോ ഇല്ലയോ എന്നതല്ല കാര്യം. ഉഗാണ്ടയ്ക്ക് വേണ്ടി കളിക്കുന്നുവെന്നതാണ് വലിയ വാര്‍ത്ത. ഏഷ്യയുടെ ഒരറ്റത്ത് കിടക്കുന്ന ഇര്‍ഫാന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയ്ക്ക് വേണ്ടി എങ്ങനെ കളിക്കുന്നു.

രസകരമായ കഥയാണ് അത്. ഇര്‍ഫാന്‍ അക്കഥ ഇങ്ങനെ പറയുന്നു- ഇര്‍ഫാന്റെ അമ്മാവന്‍ ബിസിനസുകാരനാണ്. ബിസിനസ് ചെയ്യാന്‍ ഒരു രാജ്യം തേടി നടന്നപ്പോള്‍ കേട്ടറിഞ്ഞത് ഉഗാണ്ടയെപ്പറ്റി. നേരെ അനന്തരവനായ ഇര്‍ഫാനെ വിളിച്ച് ഉഗാണ്ടയിലേക്ക് വിമാനം കയറിക്കോളാന്‍ പറഞ്ഞു. വിമാനം കയറിയപ്പോള്‍ ചെറുപ്പത്തിലേ കൂട്ടുകൂടിയ ബാറ്റും ഒപ്പം കൊണ്ടുപോകാന്‍ താരം മറന്നില്ല. ഉഗാണ്ടയില്‍ കാര്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തി. ബിസിനസ് രക്ഷപ്പെട്ടതോടെ ഇര്‍ഫാന്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ ഉഗാണ്ടന്‍ താരം ആസാദു സെയ്ഗയെ കണ്ടുമുട്ടി.

ആ വഴിയിലൂടെയാണ് ദേശീയ ടീമിലേക്ക് വഴിതുറക്കുന്നത്. ടെന്നീസ് പന്തില്‍ മാത്രം കളിച്ചു പരിചയിച്ച ഇര്‍ഫാന്‍ അങ്ങനെ സ്റ്റിച്ച് പന്തിലെ ഉഗാണ്ടന്‍ അഫ്രീദിയായി. ഇപ്പോള്‍ ഒമാനില്‍ നടക്കുന്ന ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ മൂന്നില്‍ ഇര്‍ഫാനും കളിക്കുന്നുണ്ട്. കഴിഞ്ഞദിവസം കൈമടക്കി പന്തെറിയുന്നുവെന്ന് അംപയര്‍മാര്‍ കണ്ടെത്തിയതോടെ കളിക്ക് താല്ക്കാലികമായി വിലക്കും കിട്ടി.