SHARE

പതിനാലാം സീസണിലെത്തി നിൽക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ബംഗ്ലാദേശിന്റെ സ്റ്റാർ ഓൾ റൗണ്ടറും, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരവുമായ ഷക്കീബ് അൽ ഹസൻ‌. ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്ന് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ഇന്ത്യൻ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെ താൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇലവന്റെ നായകനായി തിരഞ്ഞെടുക്കുന്ന ഷക്കീബ് ടൂർണമെന്റിൽ ഉജ്ജ്വല റെക്കോർഡുള്ള ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ് എന്നിവരെ ഈ ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം.

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയേയും, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണറേയുമാണ് ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ഇലവന്റെ ഓപ്പണർമാരായി ഷക്കീബ് തിരഞ്ഞെടുക്കുന്നത്‌. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ മൂന്നാം നമ്പരിൽ ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, ചെന്നൈ സൂപ്പർ കിംഗ്സിന്റെ സുരേഷ് റെയ്ന, പഞ്ചാബ് കിംഗ്സിന്റെ കെ എൽ രാഹുൽ, എം എസ് ധോണി എന്നിവരെയാണ് മധ്യനിരയിൽ ഉൾപ്പെടുത്തുന്നത്.

രാജസ്ഥാൻ റോയൽസിന്റെ ബെൻ സ്റ്റോക്ക്സും, ചെന്നൈ ‌സൂപ്പർ കിംഗ്സിന്റെ രവീന്ദ്ര ജഡേജയുമാണ് ഈ ഇലവനിലെ ഓൾ റൗണ്ടർമാർ. മുൻ മുംബൈ ഇന്ത്യൻസ് താരം ലസിത് മലിംഗ, ഇപ്പോൾ മുംബൈക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ജസ്പ്രിത് ബുംറ, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാർ എന്നിവരാണ് ഈ ഇലവനിലെ പേസ് നിരയിൽ അണിനിരക്കുക. അതേ സമയം തന്റെ മികച്ച ഐപിഎൽ ഇലവനിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെപ്പോലും ഷക്കീബ് ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.