SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം സൺ റൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിനിടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ഒരപൂർവ്വ കാഴ്ചയ്ക്കാണ്. മത്സരത്തിൽ ഹൈദരാബാദ് താരങ്ങളായ കെയിൻ വില്ല്യംസണും, ഷക്കീബ് അൽ ഹസനും ചേർന്ന് നാല് റണ്ണുകളാണ് ഒറ്റയടിക്ക് ഓടിയെടുത്തത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു പന്തിൽ നാല് റൺസ് ഓടി നേടുന്നത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ഹൈദരാബാദിന്റെ പത്താം ഓവറിനിടെയായിരുന്നു സംഭവം. ഷെയിൻ വാട്സൺ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഷോർട്ട് പിച്ചായിരുന്നു. അനായാസമായി പന്തിനെ റീഡ് ചെയ്ത ഹൈദരാബാദ് നായകൻ കെയിൻ വില്ല്യംസൺ ഡീപ് മിഡ് വിക്കറ്റിലേക്ക് ഷോട്ട് പായിച്ചു. ബൗണ്ടറി ലക്ഷ്യം വെച്ച് കുതിക്കുകയായിരുന്ന പന്തിനെ പക്ഷേ ഡീപ് സ്ക്വയർ ലെഗിൽ നിന്ന് പാഞ്ഞെത്തിയ രവീന്ദ്ര ജഡേജ തടഞ്ഞു.

ഓടിയെത്തിയ വേഗതയിൽ അദ്ദേഹം പന്തിനെ അകത്തേക്ക് തട്ടിയിട്ടു, പക്ഷേ താരം പന്ത് തട്ടിയിട്ടത് അല്പം അകലേക്കായി പോയി. നേരെ മറുവശത്ത് നിന്ന് പന്തെടുക്കാൻ ഓടിയെത്തിയ ഫാഫ് ഡുപ്ലെസിസാണ് പിന്നീട് പന്ത് കൈക്കലാക്കി ക്രീസിലേക്ക് എറിഞ്ഞ് കൊടുത്തത്, എന്നാൽ അപ്പോളേക്കും ഹൈദരാബാദ് ബാറ്റ്സ്മാന്മാർ നാല് റൺസ് ഓടി പൂർത്തിയാക്കിയിരുന്നു.

ഫലത്തിൽ നാല് റൺസ് ഹൈദരാബാദ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കപ്പെട്ടെങ്കിലും എതിരാളികൾ സ്കോർ ചെയ്ത ബൗണ്ടറികളുടെ എണ്ണം ഒന്ന് കുറക്കാൻ കഴിഞ്ഞു എന്നതിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വസിക്കാം.