SHARE

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി സീസണില്‍ ഒരു മത്സരം മാത്രം കളിച്ച ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ നാട്ടിലേക്ക് മടങ്ങുന്നു. ലോകകപ്പിന് വേണ്ടിയുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഷാക്കിബിന് കത്ത് നല്‍കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഉടന്‍ തന്നെ ഷാക്കിബ് നാട്ടിലേക്ക് മടങ്ങുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോവ്, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ തുടങ്ങിയവരുടെ സാന്നിധ്യമുള്ളതിനാല്‍ സീസണില്‍ ഷാക്കിബിന് അധികം അവസരം ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ഏപ്രില്‍ 22ന് തുടങ്ങുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി സി ബി കത്തയച്ചിരിക്കുന്നത്. ജൂണ്‍ 2ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.