SHARE

നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണ്ണായക മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിന് സന്തോഷ വാർത്ത. പരുക്കേറ്റ് ഇതുവരെ ടൂര്‍ണ്ണമെന്റില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍ ടീമില്‍ തിരിച്ചെത്തിയതാണ് ബംഗ്ലാദേശിന് ആശ്വാസമാവുന്നത്.

16ന് നടക്കുന്ന മത്സരത്തില്‍ ഷാക്കിബ് കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാധ്യമങ്ങളെ അറിയിച്ചു. കൈവിരലിന് പരുക്കേറ്റത് കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ഷാക്കിബ് ടീമിന് പുറത്തായിരുന്നു. മഹ്മൂദുള്ളയാണ് ഷാക്കിബിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്നത്. ഇന്ത്യയ്‌ക്കെതിരെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടുവെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശ് മറികടന്നത്.

ടൂര്‍ണ്ണമെന്റില്‍ 4 മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഇന്ത്യ നേരത്തെ ഫൈനലിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മത്സരം അക്ഷരാര്‍ത്ഥത്തില്‍ സെമിഫൈനലായി മാറിയിരിക്കുകയാണ്. 3 മത്സരങ്ങളില്‍ രണ്ടു വീതം പോയന്റുകളാണ് ഇരു ടീമുകള്‍ക്കുമുള്ളത്. വിജയിക്കുന്ന 18ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.