SHARE

വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ന്യൂസിലൻഡ് യുവ താരം കൈൽ ജാമിസണ്, ഐപിഎൽ കരാർ ലഭിക്കുമെന്ന് അഭിപ്രായ പ്പെട്ട് മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബോളർ ഷെയിൻ ബോണ്ട്. ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തി ന്യൂസിലൻഡ് വിജയത്തിൽ പ്രധാന പങ്കു വഹിച്ച ജാമിസൺ ഇതു വരെ ടി20 യിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ ആകർഷകമായ പ്രകടന‌ങ്ങൾ മൂന്ന് ഫോർമ്മാറ്റിലും അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഷെയിൻ ബോണ്ട് പറയുന്നത്.

അടുത്ത ഐപിഎല്ലിലേക്ക് ഇനി വെറും 4-5 മാസം മാത്രം ബാക്കിയുള്ളൂ എന്നതിനാൽ, അതിന് മുൻപ് ടി20 യിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കുന്നത് ഐപിഎൽ കരാർ ലഭിക്കുന്നതിന് താരത്തെ സഹായിക്കുമെന്നാണ് ബോണ്ടിന്റെ പക്ഷം. “ടി20 യിൽ കൈൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു‌. ടി20 മത്സരങ്ങളിൽ എല്ലായ്പ്പോളും അവസരങ്ങളുണ്ട്. മറ്റൊരു ഐപിഎൽ അടുത്തെത്തിക്കൊണ്ടിരിക്കുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ഈ മത്സരത്തിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറുന്നു.” ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ ഷെയിൻ ബോണ്ട് പറഞ്ഞു നിർത്തി‌.

അതേ സമയം ഉയരം കൊണ്ട് അതി വേഗം ക്രിക്കറ്റിൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൈൽ ജാമിസൺ. ഇതു വരെ രണ്ട് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങൾ ന്യൂസിലൻഡ് ജേഴ്സിയിൽ കളിച്ചിട്ടുള്ള ഈ ഇരുപത്തിയഞ്ചുകാരൻ, ഏകദിനത്തിൽ മൂന്നും, ടെസ്റ്റിൽ ഒൻപതും വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.