SHARE

നിലവിൽ ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രിത് ബുംറ. സമീപകാലത്ത് താരത്തിന്റെ ഫോം അല്പം മങ്ങിയിട്ടുണ്ടെങ്കിലും ഏത് സമയത്തും ഫോമിലെത്താൻ കഴിയുന്ന ബുംറ എതിരാളികൾക്ക് എല്ലായ്പ്പോളും ഭീഷണിയും, ഇന്ത്യക്ക് ഒരു മുതൽക്കൂട്ടുമാണ്‌. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബുംറയായിരിക്കും ഇന്ത്യയുടെ പ്രധാന പേസ് പ്രതീക്ഷയെന്ന് വിലയിരുത്തപ്പെടുന്നതിനിടെ ഇപ്പോളിതാ ബുംറയേക്കാൾ നല്ല ഓപ്ഷൻ ഷർദുൽ താക്കൂറിനെ കളിപ്പിക്കുന്നതായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസർ. കഴിഞ്ഞ‌ ദിവസം ഒരു യൂടൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയായിരുന്നു പനേസർ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

ഇംഗ്ല‌ണ്ടിലെ സാഹചര്യങ്ങളിൽ ജസ്പ്രിത് ബുംറയുടെ ബോളിംഗ് ശൈലിയേക്കാൾ ഇണങ്ങുക ഷർദുൽ താക്കൂറിന്റെ ശൈലിയാണെന്ന് ചൂണ്ടിക്കാട്ടുന്ന പനേസർ, മികച്ച രീതിയിൽ ബാറ്റ് ചെയ്യാനും കഴിയുന്ന അദ്ദേഹം പ്ലേയിംഗ് ഇലവനിൽ മികച്ചൊരു ഓപ്ഷനായിരിക്കുമെന്നും കൂട്ടിച്ചേർത്തു. “ഷർദുൽ താക്കൂർ ഇംഗ്ലണ്ടിന്റെ വാലറ്റത്തിന് എതിരെ നല്ലൊരു ഓപ്ഷനായിരിക്കും. ഇംഗ്ല‌‌ണ്ടിലെ സ്വാഭാവിക ലെംഗ്ത്തിൽ പന്തെറിയാൻ അവന് കഴിയും. അതാണ് പ്രധാനം.” പനേസർ പറഞ്ഞു നിർത്തി.

അതേ സമയം ഷർദുൽ താക്കൂറിനെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജസ്പ്രിത് ബുംറയുടെ സ്ഥാനത്ത് അദ്ദേഹം കളിക്കാനുള്ള സാധ്യത തീരെയില്ല. മറിച്ച് ഒരു സീം ബോളിംഗ് ഓൾ റൗണ്ടറായി ടീമിലെത്താനുള്ള സാധ്യതകളാണ് ഷർദുലിന് മുന്നിലുള്ളത്.