SHARE

ഇംഗ്ലണ്ടിനെതിരെ ഇന്നലെ ഓവലിൽ ആരംഭിച്ച നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഷർദുൽ താക്കൂർ കാഴ്ച വെച്ചത്. 150 റൺസിന് താഴെ പുറത്താകുമെന്ന് കരുതിയ ഇന്ത്യയെ 191 റൺസിലെത്തിച്ചത് വെറും 36 പന്തുകളിൽ 57 റൺസടിച്ചു കൂട്ടിയ താക്കൂറിന്റെ പ്രകടനമായിരുന്നു. 7 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താക്കൂറിന്റെ ഇന്നിംഗ്സ്.

അതേ സമയം മത്സരത്തിൽ വെറും 31 പന്തിലായിരുന്നു താക്കൂർ തന്റെ അർധ സെഞ്ചുറി നേടിയത്. ഇതോടെ ഇംഗ്ലണ്ടിൽ വെച്ചു നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ അർധ സെഞ്ചുറി നേടുന്ന‌ താരമെന്ന റെക്കോർഡും താക്കൂറിന് സ്വന്തമായി. ഇംഗ്ലണ്ട് ഇതിഹാസം സാക്ഷാൽ ഇയാൻ ബോതമിന്റെ റെക്കോർഡാണ് ഇക്കാര്യത്തിൽ ഇതോടെ പഴങ്കഥയായത്. 32 പന്തിൽ അൻപത് റൺസ് നേടിയായിരുന്നു ബോതം ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ് കൈവശം വെച്ചിരുന്നത്.

ഒന്നാം ദിനത്തെ കളിക്ക് ശേഷം സംസാരിക്കവെ ബോതമിന്റെ റെക്കോർഡ് മറികടന്ന കാര്യം ആദ്യ തനിക്ക് അറിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ താക്കൂർ, ഇപ്പോൾ അദ്ദേഹത്തിന്റെ പേരു പറഞ്ഞ് ഇന്ത്യൻ താരങ്ങൾ തമാശരൂപേണ തന്നെ കളിയാക്കുന്നതായും കൂട്ടിച്ചേർത്തു. “എനിക്ക് ഇതേക്കുറിച്ച് ആദ്യം അറിയില്ലായിരുന്നു (ഇയാൻ ബോതമിന്റെ റെക്കോർഡ് തകർത്തത്). ടീമിനായി പ്രധാനപ്പെട്ട റൺസ് നേടുന്നത് എല്ലായ്പ്പോളും നല്ലതാണ്. ഇപ്പോൾ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന്റെ (ബോതമിന്റെ) പേരു പറഞ്ഞ് എന്നെ കളിയാക്കുന്നു. എന്നാൽ കളിയിലെ മഹാന്മാരുമായി താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോളും നല്ലതാണെന്ന് ഞാൻ കരുതുന്നു.” താക്കൂർ പറഞ്ഞു നിർത്തി.