SHARE

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ താരം ഷർദുൽ താക്കൂറിന് ബാറ്റിംഗിൽ മികവ് കാട്ടാനാകുമെന്ന് ചൂണ്ടിക്കാട്ടി ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെ. ആദ്യ ടെസ്റ്റിന് മുന്നോടിയായി‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ താക്കൂറിന്റെ ബാറ്റിംഗ് മികവിനെ പിന്തുണച്ച രഹാനെ ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബോളർമാരും നെറ്റ്സിൽ അർപ്പണബോധം കാണിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഷർദുലിന് ബാറ്റ് ചെയ്യാൻ കഴിയും. ഓസ്ട്രേലിയയിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടതാണ്. അഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ എന്നിവരും നെറ്റ്സിൽ പരിശ്രമിക്കുന്നു. അവസാനം 20-30 റൺസ് നേടാനായാൽ അത് വളരെയധികം ഗുണം ചെയ്യും. നെറ്റ്സിൽ കുറഞ്ഞത് 10,12 മിനുറ്റെങ്കിലും അവർ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണ്. ഫലം പിന്നീടാണ് വരുന്നത്. കഠിനാധ്വാനം ചെയ്യുകയും, ടീമിലെ അംഗമെന്ന നിലയിൽ സംഭാവന നൽകുകയും ചെയ്യുക എന്നതാണ്‌ പ്രധാനം. വാലറ്റക്കാരിൽ നിന്ന് ഞങ്ങൾ ചില സംഭാവനകൾ പ്രതീക്ഷിക്കുന്നു.” രഹാനെ പറഞ്ഞു നിർത്തി.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ മത്സര ക്രമം ഇങ്ങനെ…

ഒന്നാം ടെസ്റ്റ് – ഓഗസ്റ്റ് 4 മുതൽ 8 വരെ ട്രെന്റ്ബ്രിഡ്ജിൽ

രണ്ടാം ടെസ്റ്റ് – ഓഗസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിൽ

മൂന്നാം ടെസ്റ്റ് – ഓഗസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിൽ

നാലാം ടെസ്റ്റ് – സെപ്റ്റംബർ 2 മുതൽ 6 വരെ കെന്നിംഗ്ടൺ ഓവലിൽ

അഞ്ചാം ടെസ്റ്റ് – സെപ്റ്റംബർ 10 മുതൽ 14 വരെ ഓൾഡ് ട്രാഫോഡിൽ.