SHARE

പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ടു നിന്ന ഇന്ത്യൻ സൂപ്പർ താരം ഷർദുൽ താക്കൂർ മാച്ച് ഫിറ്റ്നസിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ സംസാരിക്കവെ ഇന്ത്യൻ ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയാണ് താക്കൂർ ഫിറ്റ്നസ് വീ‌ണ്ടെടുത്തതായും, മൂന്നാം ടെസ്റ്റിൽ സെലക്ഷന് ലഭ്യമാണെന്നും വ്യക്തമാക്കിയത്. നാളെ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ സമനിലയിൽ കലാശിച്ച ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന താക്കൂറിന് പിൻതുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്നായിരുന്നു രണ്ടാം ടെസ്റ്റ് നഷ്ടമായത്. ആദ്യ ടെസ്റ്റിൽ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ താക്കൂർ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ അജി‌ക്യ രഹാനെയും മനസ് തുറന്നില്ല.

“ഷർദുൽ താക്കൂർ ആരോഗ്യവാനാണ്. മൂന്നാം ടെസ്റ്റിൽ സെലക്ഷന് ലഭ്യവുമാണ്. എന്നാൽ അത് (താക്കൂറിന്റെ സെലക്ഷൻ) ടീം ഏത് കോമ്പിനേഷനിലാണ് കളിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും.” രഹാനെ പറഞ്ഞു.

അതേ സമയം നാളെയാണ് ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ നിലവിൽ 1-0 ന് മുന്നിലാണ്. മൂന്നാം ടെസ്റ്റിലും വിജയം നേടി പരമ്പരയിൽ ലീഡുയർത്താൻ ഇന്ത്യ ശ്രമിക്കുമ്പോൾ, ആദ്യ ജയം നേടി പരമ്പര ഒപ്പത്തിനൊപ്പമെത്തിക്കുകയാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.