SHARE

ഇന്ത്യൻ ടീമിന്റെ ബയോബബിളിൽ നിന്ന് വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചു കൊണ്ടിരിക്കുന്ന മുംബൈ ടീമിന്റെ ബയോബബിളിൽ ചേരാൻ സ്റ്റാർ പേസർ ഷർദുൽ താക്കൂർ കാറിൽ യാത്ര ചെയ്തത് 10 മണിക്കൂർ‌. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന താക്കൂറിനെ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ സെലക്ടർമാർ തീരുമാനിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാന യാത്ര ചെയ്താൽ ക്വാറന്റൈന് വിധേയരാവേണ്ടി വരുമെന്നതിനാൽ റോഡ് മാർഗ്ഗം മുംബൈ ടീമിനൊപ്പം എത്തിച്ചേരാൻ താക്കൂർ തീരുമാനിക്കുയായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാംടെസ്റ്റ് നടക്കാനിരിക്കുന്ന അഹമ്മദാബാദിൽ നിന്ന്, മുംബൈയുടെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ നടക്കുന്ന ജയ്പൂരിലേക്ക് 10 മണിക്കൂർ കൊണ്ടാണ് താക്കൂർ കാറിൽ സഞ്ചരിച്ചെത്തിയത്. റോഡ് മാർഗ്ഗമുള്ള യാത്രയായതിനാൽ മുംബൈ ടീമിനൊപ്പം ചേരുന്നതിന് മുൻപ് താക്കൂറിന് ക്വാറന്റൈനും വേണ്ടി വന്നില്ല.

ഇന്ന് മഹാരാഷ്ട്രയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ മുംബൈയുടെ പ്ലേയിംഗ് ഇലവനിലും ഇടം പിടിച്ച താക്കൂർ, മാർച്ച് 1 നോട് കൂടി അഹമ്മദാബാദിൽ തിരിച്ചെത്തി ഇന്ത്യൻ ടീമിന്റെ ബയോബബിളിൽ വീണ്ടും പ്രവേശിക്കും. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ കളിക്കുന്നതിനായാണ് ഇത്.