SHARE

ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ചെയര്‍മാനായി ഇതോടെ രണ്ടു വര്‍ഷത്തേക്കുകൂടി ശശാങ്ക് നിയമിതനായി. ഇന്ത്യക്കാരനാണെങ്കിലും മനോഹറിന്റെ രണ്ടാം വരവ് ബിസിസിഐക്ക് അത്ര താല്പര്യമുണ്ടാക്കില്ല. ഐസിസിയുടെ വരുമാന കാര്യത്തില്‍ ഉള്‍പ്പെടെ വിരുദ്ധ നിലപാടാണ് മനോഹര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അസോസിയേറ്റ് രാജ്യങ്ങള്‍ അഭിഭാഷകന്‍ കൂടിയായ ഈ നാഗ്പൂര്‍ സ്വദേശിയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി ലഭിച്ചത് ഉള്‍പ്പെടെ നിരവധി ഗുണകരമായ മാറ്റങ്ങള്‍ക്ക് മനോഹര്‍ നേതൃത്വം നല്കിയിരുന്നു.

നാലുവര്‍ഷം മുമ്പ് എന്‍. ശ്രീനിവാസന്‍ ഐസിസിയുടെ തലപ്പത്തുണ്ടായിരുന്ന സമയത്താണ് പ്രസിഡന്റ് സ്ഥാനം ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്തിയത്. ഐസിസി വരുമാനത്തിന്റെ സിംഹഭാഗം ഈ മൂന്നു ബോര്‍ഡുകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നതു പോലെയും നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ മനോഹര്‍ വന്നശേഷം ഈ നടപടികള്‍ പുന:സ്ഥാപിച്ചു. ഇത് ബിസിസിഐയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം, രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നതായി മനോഹര്‍ പറഞ്ഞു. ഐസിസി ഡയറക്ടേഴ്‌സിന്റെ പിന്തുണയ്ക്കു നന്ദിപറയുകയും ചെയ്തു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹര്‍ പദവി രാജിവച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയായിരുന്നു. ഭരണകാലയളവില്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെയായിരുന്നു രാജി. നേരത്തെ ബിസിസിഐ പ്രസിഡന്റായിരുന്നു മനോഹര്‍.