ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടേയും, സപ്പോർട്ടിംഗ് സ്റ്റാഫുകളുടേയും കരാർ ലോകകപ്പിന് ശേഷം അവസാനിരിക്കെ, 45 ദിവസത്തേക്ക് കൂടി കരാർ നീട്ടി നൽകി സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. ലോകകപ്പിന്‌പിന്നാലെ തന്നെ ഇന്ത്യയുടെ പുതിയ പരിശീലകന് വേണ്ടിയുള്ള ഇന്റർവ്യൂ നടത്തുമെന്നും, ലോകകപ്പിന് ശേഷമുള്ള വിൻഡീസ് പര്യടനത്തിന് ശേഷം പുതിയ പരിശീലകൻ ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്.
പ്രധാന പരിശീലകന് പുറമേ ടീമിന്റെ സഹ പരിശീലകർക്ക് വേണ്ടിയും ഇന്റർവ്യൂ നടക്കും. നിലവിൽ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ, ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ബോളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സംഘം. ഇവരെല്ലാവരുമായുള്ള കരാറാണ് ലോകകപ്പോടെ അവസാനിക്കുന്നത്. ശാസ്ത്രിയുടെ കരാർ ഒന്നര മാസത്തേക്ക് നീട്ടി നൽകിയതിനൊപ്പം ഇവരുടെ കരാറുകളും സി ഓ എ നീട്ടിയിട്ടുണ്ട്. നേരത്തെ 2017 ൽ അനിൽ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജി വെച്ചതിന് പിന്നാലെ യായിരുന്നു രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായെത്തിയത്.