SHARE

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയയുടെ മുൻ പേസ് ബൗളറായിരുന്ന ഷോൺ ടൈറ്റ്. കഴിഞ്ഞ ദിവസം സ്പോർട്സ്കീഡയോട് സംസാരിക്കവെയായിരുന്നു ഈ തിരഞ്ഞെടുപ്പ് ടൈറ്റ് നടത്തിയത്. നാല് ഇന്ത്യൻ താരങ്ങളെ താൻ തിരഞ്ഞെടുത്ത മികച്ച ഏകദിന ഇലവനിൽ ടൈറ്റ് ഉൾപ്പെടുത്തി എന്നതാണ് ശ്രദ്ധേയം.

ഓസ്ട്രേലിയൻ ഇതിഹാസ താരം ആഡം ഗിൽക്രിസ്റ്റിനേയും, ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗിനെയുമാണ് താൻ തിരഞ്ഞെടുക്കുന്ന എക്കാലത്തെയും മികച്ച ഏകദിന ഇലവന്റെ ഓപ്പണർമാരായി ഷോൺ ടൈറ്റ് തിരഞ്ഞെടുക്കുന്നത്. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിനെ ഈ ടീമിന്റെ മൂന്നാം നമ്പരിൽ ചൂണ്ടിക്കാട്ടുന്ന ‌ടൈറ്റ്, ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ എന്നിവരെയാണ് യഥാക്രമം 4, 5 സ്ഥാനങ്ങളിലേക്ക് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോളത്തെ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയാണ് ടൈറ്റ് തിരഞ്ഞെടുക്കുന്ന എക്കാലത്തെയും മികച്ച ഏകദിന ടീമിൽ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുക. പിന്നാലെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെത്തും. മൂന്ന് പേസർമാരും, ഒരു സ്പിന്നറുമാണ് ടെയ്റ്റിന്റെ മികച്ച ഏകദിന ഇലവനിലുള്ളത്. പാകിസ്ഥാന്റെ ഷോയിബ് അക്തർ, വസീം അക്രം ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് എന്നിവരെ പേസ് നിരയിലേക്ക് തിരഞ്ഞെടുക്കുന്ന ടൈറ്റ്, ഓസ്ട്രേലിയയുടെ ഷെയിൻ വോണിനെയാണ് ഏക സ്പിന്നറായി ഈ ഇലവനിൽ ഉൾപ്പെടുത്തുന്നത്.

ഷോൺ ടൈറ്റ് തിരഞ്ഞെടുക്കുന്ന എക്കാലത്തെയും മികച്ച ഏകദിന ഇലവൻ ഇങ്ങനെ – വീരേന്ദർ സേവാഗ്, ആഡം ഗിൽക്രിസ്റ്റ്, റിക്കി പോണ്ടിംഗ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, വിരാട് കോഹ്ലി, എം എസ് ധോണി, ഷെയിൻ വോൺ, വസീം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷോയിബ് അക്തർ.