SHARE

തോളിനേറ്റ പരിക്കിൽ നിന്ന് മോചിതനായ ഇന്ത്യൻ യുവ താരംപൃഥ്വി ഷാ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ന് നടന്ന ഫിറ്റ്നസ് പരീക്ഷയിൽ വിജയിച്ചു‌‌. ഇതോടെ ന്യൂസിലൻഡ് എ ടീമിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിന് വേണ്ടി ഷാ കളിക്കും. അധികം താമസിയാതെ തന്നെ താരം ഇതിനായി ന്യൂസിലൻഡിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വിളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൊത്തത്തിൽ ഇന്ത്യൻ ആരാധകർക്ക് ആവേശം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

നേരത്തെ കർണാടയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു പൃഥ്വി ഷായുടെ തോളിന് പരിക്കേറ്റത്. ഇതേത്തുടർന്ന് ഇന്ത്യ എ ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് ഷാ പുറത്താകുമെന്നാണ് കരുതിയതെങ്കിലും പരിക്കേറ്റതിന് പിന്നാലെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യിലേക്ക് പോയ ഷായുടെ പരിക്ക് അതിവേഗം സുഖപ്പെടുകയായിരുന്നു. ഇന്ന് നടന്ന യോ-യോ ടെസ്റ്റിൽ വിജയിച്ച താരം രണ്ട് ദിവസത്തിനുള്ളിൽ ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചന. ന്യൂസിലൻഡ് എ ടീമിനെതിരായ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മൂന്നാംഓപ്പണറായും ഷായെ പരിഗണിക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.