SHARE

പരിക്കും, ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയതിന്റെ പേരിലുള്ള വിലക്കുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ അത്ര മികച്ച സമയമല്ല. പരിക്കും, വിലക്കും മാറി ഇക്കഴിഞ്ഞ മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ താരം ഈ മാസം ന്യൂസിലൻഡ് എ ടീമിനെതിരെ അവരുടെ നാട്ടിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ചിരുന്നു. ഇപ്പോളിതാ ഈ പരമ്പരയിലും ഷായ്ക്ക് കളിക്കാനായേക്കില്ലെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

കർണാടയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് ഷായ്ക്ക് പുതിയ തിരിച്ചടി നൽകിയിരിക്കുന്നത്. മുംബൈയുടെ താരമായ‌ ഷായ്ക്ക് കർണാടകയ്ക്കെതിരായ മത്സരത്തിൽ ഓവർത്രോ സേവ് ചെയ്യുന്നതിനിടെ തോളിനാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് മത്സരത്തിൽ നിന്ന് പുറത്തായ ഷാ വൈകിട്ട് എം ആർ ഐ സ്കാനിങിന് വിധേയനായി. തുടർന്ന് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് കൂടുതൽ പരിശോധനകൾക്കായി താരം തിരിക്കുകയും ചെയ്തു.

അതേ സമയം ന്യൂസിലൻഡ് എ ടീമിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരിച്ചെത്താമെന്ന് കരുതിയിരുന്ന പൃഥ്വി ഷായ്ക്ക് വൻ തിരിച്ചടിയാണ് രഞ്ജിയിൽ സംഭവിച്ച പരിക്ക്. ഈ മാസം പത്താം തീയതിയാണ് ന്യൂസിലൻഡ് പര്യടനത്തിനായി ഇന്ത്യൻ എ ടീം യാത്ര തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഷാ ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്.