SHARE

ലോകകപ്പിൽ ആദ്യമായി യുക്രൈൻ കളിക്കുന്നത് 2006-ലാണ്. യൂറോ കപ്പിൽ ആദ്യം കളിക്കുന്നത് 2012-ലും. ഈ രണ്ട് ടൂർണമെന്റുകളിലും അവരെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചത് ക്യാപ്റ്റൻ കൂടിയായിരുന്ന ഇതിഹാസതാരം ആന്ദ്രേ ഷെവ്ചെങ്കോയായിരുന്നു. ഇപ്പോൾ അതേ ഷെവ്ചെങ്കോ അവരെ മറ്റൊരു യൂറോ കപ്പിലേക്ക് എത്തുക്കുന്നു. ഇക്കുറി റോൾ പരിശീലകന്റേത്.

ബാലൺ ദി ഓർ പുരസ്കാരമടക്കം നേടിയ ആന്ദ്രേ ഷെവ്ചെങ്കോ യുക്രൈന്റെ ദേശീയഹീറോയാണ്. 2006 അവരെ ആദ്യത്തെ ലോകകപ്പിൽ തന്നെ ക്വാർട്ടർ വരെ എത്തിച്ചത് ഷെവ്ചെങ്കോയുടെ മിന്നുന്ന പ്രകടനമായിരുന്നു. 2012-ൽ തന്റെ ആദ്യ യൂറോ കപ്പിന് ശേഷം കളിക്കളത്തിൽ നിന്ന് വരമിച്ച ഷെവ്ചെങ്കോ നാല് വർഷത്തിന് മറ്റൊരു യൂറോ പരാജയത്തിന് ശേഷം ടീം പരിശീലകസ്ഥാനമേറ്റെടുത്തു. ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം യുക്രൈന് യൂറോ യോ​ഗ്യത നേടിക്കൊടുത്ത് ഷെവ്ചെങ്കോ പരിശീലകവേഷത്തിലും മികവ് തെളിയിച്ചു.

ഷെവ്ചെങ്കോയുടെ കീഴിൽ ആധികരികമായാണ് യുക്രൈന്റെ യൂറോ പ്രവേശനം. പോർച്ചു​ഗൽ, സെർബിയ എന്നിവരടങ്ങിയ ​ഗ്രൂപ്പിൽ നിന്ന് ജേതാക്കളായാണ് യുക്രൈൻ മുന്നേറുന്നത്. അതും ഒരു മത്സരം പോലും തോൽക്കാതെ. ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറിലും ജയിച്ച യുക്രൈൻ ഒന്നിൽ സമനില വഴങ്ങി.

ഇന്നലെ കരുത്തരായ പോർച്ചു​ഗലിനെ തോൽപ്പിച്ചാണ് യുക്രൈൻ യൂറോ യോ​ഗ്യത ഉറപ്പാക്കിയത്. ഷെവ്ചെങ്കോ പരിശീലകസ്ഥാനമേറ്റ ശേഷം ഇതുവരെ നടന്ന 30 മത്സരങ്ങളിൽ പതിനെട്ടിലും യുക്രൈൻ ജയിച്ചു. എട്ട് മത്സരങ്ങൾ സമനിലയായപ്പോൾ തോറ്റത് നാലിൽ മാത്രം.

പരിശീലിപ്പിച്ച അറുപത് ശതമാനം മത്സരങ്ങളിലും വിജയം ഷെവ്ചെങ്കോയ്ക്കൊപ്പം നിന്നു. എ.സി.മിലാൻ, ചെൽസി തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുള്ള ഷെവ്ചെങ്കോയ്ക്ക് യുവേഫ ചാമ്പ്യൻസ് ലീ​ഗ് അടക്കം ഒരുപിടി നേട്ടങ്ങൾ അവകാശപ്പെടാനുണ്ട്. ഇനി പരിശീലകവേഷത്തിൽ ദേശീയ ടീമിനായി ഷെവ്ചെങ്കോ ചരിത്രനേട്ടം കൈവരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.