SHARE

ജൂലൈയിൽ നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യ തങ്ങളുടെ രണ്ടാം നിര ടീമിനെയാകും അയക്കുകയെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു‌‌. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഈ സമയം ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കുമെന്നതാണ് ഇതിന് കാരണം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കുമെന്നതിനാൽ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ നയിക്കുക ആരായിരിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ശ്രേയസ് അയ്യർ ലഭ്യമാണെങ്കിൽ അദ്ദേഹം ലങ്കൻ പര്യടനത്തിൽ ക്യാപ്റ്റനാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകളെങ്കിലും ഇംഗ്ലണ്ടിനെതിരെ ഈ വർഷമാദ്യം നടന്ന പരമ്പരയിൽ സംഭവിച്ച പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ അയ്യർ ജൂലൈയോടെ പൂർണ ഫിറ്റ്നസിലേക്കെത്തുന്ന കാര്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ മരതകദ്വീപിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുക സീനിയർ ഓപ്പണർ ശിഖാർ ധവാനോ, സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയോ ഇന്ത്യൻ ക്യാപ്റ്റനാകുമെന്നാണ് ഇപ്പോൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്‌.

കഴിഞ്ഞ എട്ട് വർഷത്തോളമായി പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമാണ് ശിഖാർ ധവാൻ. ഹാർദിക് പാണ്ട്യയാകട്ടെ നിലവിൽ ഏകദിന, ടി20 ടീമുകളുടെ ഏറ്റവും പ്രധാന താരവും. ഇന്ത്യൻ ടീമിന്റെ എക്സ്ഫാക്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കളികാരൻ കൂടിയാണ് അദ്ദേഹം. ധവാൻ, ഹാർദിക് എന്നിവരിൽ ധവാന് തന്നെയാണ് ലങ്കൻ പര്യടനത്തിനുള്ള ‌ഇന്ത്യൻ ടീമിന്റെ നായകനാവാൻ കൂടുതൽ സാധ്യതയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം മൂന്ന് ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 19 തീയതികളിൽ ഏകദിന പരമ്പരയിലെ മത്സരങ്ങളും, 22, 24, 27 തീയതികളിൽ ടി20 പരമ്പരയിലെ മത്സരങ്ങളും നടക്കുമെന്നാണ് സൂചന.