SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഡെൽഹി ഓപ്പണർ ശിഖർ ധവാന്റേത്. തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സീസണിന്റെ തുടക്കത്തിൽ കഴിയാതിരുന്ന ധവാൻ പക്ഷേ സീസണിന്റെ പാതിഘട്ടമെത്തിയതോടെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തി‌. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഡെൽഹി ക്യാപിറ്റൽസ് ഒന്നാമതെത്തി നിൽക്കുമ്പോൾ ധവാന്റെ മികച്ച പ്രകടനം അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

നിലവിൽ 11 മത്സരങ്ങളിൽ 401 റൺസെടുത്ത ധവാൻ സീസണിലെ റൺ വേട്ടയിൽ നാലാമതുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ 27 പന്തിൽ 54 റൺസാണ് ധവാൻ അടിച്ച് കൂട്ടിയത്. ഈ മത്സരത്തിൽ ഡെൽഹി വിജയിച്ചതിന് ശേഷം ധവാൻ നേരിട്ട ആദ്യ ചോദ്യങ്ങളിലൊന്ന് മോശം ഫോം മറികടന്ന് മികവിലേക്കെത്താൻ കഴിഞ്ഞത് എങ്ങനെയെന്നതായിരുന്നു. താൻ വെജിറ്റേറിയൻ ആയി മാറിയെന്നും അതാണ് ഇപ്പോളത്തെ ഫോമിന് കാരണമമെന്നും തമാശ രീതിയിൽ പറഞ്ഞ ധവാൻ പിന്നീട്, താൻ മികവിലേക്കെത്തിയത് എങ്ങനെയാണെന്ന് വ്യക്തമാക്കി.

കൂടുതൽ ആക്രമിച്ച് കളിക്കാൻ താൻ മനസിൽ തീരുമാനിച്ചതാണ് തന്റെ ബാറ്റിംഗിനെ മാറ്റിമറിച്ചതെന്ന് ധവാൻ പറയുന്നു. കൂടുതൽ വേഗത്തിൽ റണ്ണുകൾ നേടാൻ തുടങ്ങിയതോടെ താൻ തന്റെ പഴയ ഫോമിലേക്കുമെത്തിയെന്ന് ധവാൻ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ടീമിന് വേണ്ടി മികച്ച തുടക്കം നൽകാൻ കഴിഞ്ഞാൽ താൻ വളരെയധികം സന്തോഷവാനാകും. ബാംഗ്ലൂരിനെതിരായ മത്സരം മുതലാണ് ഞാൻ എന്റെ മനസ് മാറ്റിയത്. കൂടുതൽ ആക്രമിച്ച് കളിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാൻ തിരിച്ചറിഞ്ഞു.” ധവാൻ പറഞ്ഞുനിർത്തി.