ഐ-ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ കിരീടജേതാക്കളായ മിനർവ പഞ്ചാബിനെ തോൽപ്പിച്ചത് ലീഗിൽ അവസാന സ്ഥാനത്തുള്ള ഷിലോങ് ലജോങ്ങാണ്. മിനർവയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലജോങിന്റ ജയം.
84-ാം മിനിറ്റിൽ 19-കാരനായ മണിപ്പൂർ മുന്നേറ്റനിരതാരം നോറെം മഹേഷ് സിങ്ങാണ് ലജോങ്ങിനായി വിജയഗോൾ നേടിയത്. ഷീൻ ഷൗക്തുങ് തൊടുത്ത ഷോട്ട് മിനർവ ഗോളി നിധിൻ ലാൽ തടുത്തിട്ടു. എന്നാൽ പന്തെത്തിയത് മഹേഷിന്റെ കാലിൽ. പിഴവില്ലാത്ത മഹേഷിന്റെ ഷോട്ടിൽ ലജോങ് വിജയമുറപ്പിച്ചു. ലജോങ്ങിനായി പകരക്കാരായി ഇറങ്ങിയവരായിരുന്നു മഹേഷും ഷീനും
ഈ സീസൺ ഐ-ലീഗിൽ ലജോങിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഈ വിജയമടക്കം ഏഴ് പോയിന്റ് മാത്രമുള്ള ലജോങ് ലീഗിൽ അവസാന സ്ഥാനത്താണ്. 14 പോയിന്റുള്ള മിനർവ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്. മുപ്പത് പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗിൽ ഒന്നാമത്. 25 പോയിന്റുള്ള ചർച്ചിലും റയൽ കശ്മീരും രണ്ടാമതുണ്ട്.