SHARE

മുംബൈ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തിളങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പുത്രനായ അർജു‌ൻ. ടൂർണമെന്റിൽ ആകാശ് ടൈഗേഴ്സിന്റെ താരമായ അർജുൻ, ട്രയംഫ്സ് നൈറ്റ്സിനെതിരായ മത്സരത്തിലാണ് ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ അർജുന്റെ ടീമായ ആകാശ് ടൈഗേഴ്സ് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ ടോസ് നേടിയ നൈറ്റ്സ് നായകൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നൈറ്റ്സ് ഇന്നിംഗ്സിന്റെ രണ്ടാം ഓവർ എറിയാനെത്തിയ അർജുൻ ടെണ്ടുൽക്കർ തന്റെ രണ്ടാം ഓവറിൽ ഓപ്പണർ കരൺ ഷായെ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ അർജുൻ 3 ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. 90 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ നൈറ്റ്സ് 147/6 എന്ന പൊരുതാവുന്ന ‌സ്കോർ നേടി.

148 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ആകാശ് ടൈഗേഴ്സിന്‌വേണ്ടി മൂന്നാമനായി ബാറ്റ് ചെയ്യാനെത്തിയത് അർജുനാണ്. 19 പന്തിൽ ഒന്ന് വീതം ബൗണ്ടറിയും സിക്സറുമായി 23 റൺസാണ് അർജുൻ നേടിയത്. മികച്ച തുടക്കം ലഭിച്ച അർജുന് വലിയ സ്കോറാക്കി അതിനെ മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ടീം അഞ്ച് വിക്കറ്റിന്റെ മികച്ച ജയം മത്സരത്തിൽ സ്വന്തമാക്കുകയായിരുന്നു.