SHARE

പാക് സൂപ്പർ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകകപ്പിൽ ഇന്നലെ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ 94 റൺസിന് വിജയിച്ചതിന്‌‌ പിന്നാലെയാണ് പ്രസ് കോൺഫറൻസ് റൂമിലെത്തി താൻ ഏകദിന ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര്യം മാലിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്. ഏകദിനത്തിൽ നിന്ന് വിരമിച്ചെങ്കിലും ടി20 മത്സരങ്ങളിൽ അദ്ദേഹം തുടർന്നും കളിക്കും.

പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മാലിക്ക്. 287 ഏകദിനങ്ങളിൽ പാക്‌ ജേഴ്സിയണിഞ്ഞ താരം 9 സെഞ്ചുറികളും 44 അർധ സെഞ്ചുറികളുമടക്കം 7534 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ എപ്പോളും മികവ് കാട്ടിയിരുന്ന മാലിക്ക് 42 മത്സരങ്ങളിൽ 1782 റൺസും 22 വിക്കറ്റും അയൽക്കാർക്കെതിരെ നേടിയിട്ടുണ്ട്. പാകിസ്ഥാന്റെ മുൻക്യാപ്റ്റൻ കൂടിയായിരുന്ന മാലിക്ക് 2015 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.