SHARE

ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തോല്‍വിയേല്ക്കാതെ രക്ഷപ്പെട്ട ബെംഗളൂരു എഫ്‌സിക്ക് രണ്ടാം സതേണ്‍ ഡെര്‍ബിയില്‍ പിഴച്ചു. തോറ്റു തോറ്റു മടുത്ത ചെന്നൈയ്ന്‍ എഫ്‌സി അവരുടെ തട്ടകത്തില്‍ 2-1നാണ് ഐഎസ്എല്ലിന്റെ തലപ്പത്തുള്ളവരെ ഞെട്ടിച്ചത്. ജെജെ (32), ഗ്രിഗറി നെല്‍സണ്‍ (42) എന്നിവരാണ് ചെന്നൈയ്‌നായി ഗോള്‍ നേടിയത്. സുനില്‍ ഛേത്രിയുടെ (57) വകയാണ് ബെംഗളൂരുവിന്റെ ആശ്വാസഗോള്‍.

ഇതുവരെ തോല്‍വികള്‍ മാത്രം നേരിട്ട ചെന്നൈയ്ന്‍ എഫ്‌സിയെ ആയിരുന്നില്ല ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കണ്ടത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നേറ്റ അപ്രതീക്ഷിത സമനിലയില്‍ നിന്ന് മോചിതരാകാന്‍ നല്ലൊരു വിജയം ലക്ഷ്യമിട്ടെത്തിയ ഛേത്രിയും കൂട്ടരും കളി തുടങ്ങി ഏറെ കഴിയും മുമ്പേ ഞെട്ടി. ദേശീയ ടീമിലെ സഹസ്‌ട്രൈക്കര്‍ ജെജെയാണ് ഛേത്രിയുടെ ടീമിന് ആദ്യ പ്രഹരം സമ്മാനിച്ചത്.

മുപ്പത്തിരണ്ടാം മിനിറ്റിലായിരുന്നു ഇത്. പത്തുമിനിറ്റിനുള്ളില്‍ ഗ്രിഗറി നെല്‍സണിലൂടെ അടുത്തയടിയും ബെംഗളൂരുവിന്റെ നെറുകയില്‍. 2-0ത്തിന് പിന്നിലായതോടെ ബെംഗളൂരു ശരിക്കും വിരണ്ടു. രണ്ടാംപകുതി തുടങ്ങി കുറച്ചു നിമിഷത്തിനുള്ളില്‍ ഛേത്രിയിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ചെന്നൈയ്ന്‍ പിന്നീട് കാര്യമായ പരിക്കില്ലാതെ സീസണിലെ രണ്ടാംജയം സ്വന്തമാക്കി. തിരിച്ചടി നേരിട്ടെങ്കിലും ലീഗില്‍ ബെംഗളൂരു തന്നെയാണ് ഇപ്പോഴും മുന്നില്‍. 31 പോയിന്റുള്ള അവര്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.