SHARE

ലോകകപ്പ്‌ സെമിയിൽ ന്യൂസിലൻഡിനോട് തോൽവിയേറ്റുവാങ്ങി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതോടെ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മത്സര ശേഷമുള്ള പത്രസമ്മേളനത്തിനെത്തിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേരിട്ട ആദ്യ ചോദ്യങ്ങളിലൊന്നും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ധോണി വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തങ്ങളോട് ഇതേ വരെ ഒന്നും സംസാരിച്ചിട്ടില്ലെന്നായിരുന്നു കോഹ്ലി മറുപടി നൽകിയത്.

സെമിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്കും, ധോണി വിരമിക്കണോയെന്ന ചോദ്യം നേരിടേണ്ടി‌വന്നു. എന്നാൽ അത് തീരുമാനിക്കേണ്ടത് ധോണിയാണെന്നായിരുന്നു‌ സച്ചിന്റെ മറുപടി. വിരമിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം എല്ലാവരും ധോണിക്ക് നൽകണമെന്നും സംസാരത്തിനിടെ സച്ചിൻ വ്യക്തമാക്കി.

സച്ചിന്റെ വാക്കുകൾ ഇങ്ങനെ, “അത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ് (വിരമിക്കുന്നത്). അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എല്ലാവരും ധോണിക്ക് നൽകണം. അദ്ദേഹം എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കുകയും ചെയ്യണം. രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളെ എല്ലാവരും ബഹുമാനിക്കണം. ടീമിന് വേണ്ടി ഇത്രയധികം സംഭാവനകൾ നൽകിയ ധോണി തന്നെ അദ്ദേഹത്തിന്റെ വിരമിക്കൽ കാര്യവും തീരുമാനിക്കട്ടെ. ” സച്ചിൻ പറഞ്ഞു നിർത്തി.