SHARE

തോളിന് പരിക്കേറ്റ യുവ പേസർ ജൈ റിച്ചാർഡ്സൺ, ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പുറത്ത്. ഇന്നലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം പുറത്ത് വിട്ടത്. പകരക്കാരനായി വെസ്റ്റേൺ ഓസ്ട്രേലിയൻ താരം കെയിൻ റിച്ചാർഡ്സണെ അവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർച്ചിൽ പാകിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടയിലായിരുന്നു ജൈ റിച്ചാർഡ്സണ് പരിക്കേറ്റത്. തോളിനേറ്റ പരിക്കിൽ നിന്ന് ലോകകപ്പിന് മുൻപ് താരത്തിന് മോചിതനാവാൻ കഴിയില്ലെന്ന് ഉറപ്പായതോടെ താരത്തെ ടീമിൽ നിന്നൊഴിവാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ നിർബന്ധിതരാവുകയായിരുന്നു. സമീപകാലത്ത് മികച്ച ഫോമിൽ കളിച്ച് കൊണ്ടിരുന്ന റിച്ചാർഡ്സൺ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത് ഓസീസിന് കനത്ത തിരിച്ചടിയാണ്.

നേരത്തെ ഇന്ത്യയ്ക്കെതിരെ ഇന്ത്യയിൽ വെച്ച് നടന്ന ഏകദിന പരമ്പരയിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവെച്ച താരമാണ് ജൈ റിച്ചാർഡ്സൺ. പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ റിച്ചാർഡ്സൺ ഓസീസിന്റെ പരമ്പര വിജയത്തിന് (3-2) പിന്നിൽ നിർണായക പങ്കാണ് വഹിച്ചത്.