SHARE

അടുത്ത മാസം ജൂൺ 14 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പകരം യുവതാരം ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന് സൂചന. ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കാൻ പോകുന്നതിനാലാണ് വിരാട് കോഹ്ലിക്ക് അഫ്ഗാനെതിരെയുള്ള ടെസ്റ്റ് നഷ്ടമാകുന്നത്. കോഹ്ലിക്കൊപ്പം, മൂന്നാം നമ്പരിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാനായ ചേതശ്വർ പുജാരയ്ക്കും അഫ്ഗാനെതിരെയുള്ള മത്സരം നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ വർഷം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

സെലക്ഷൻ കമ്മറ്റി തലവനായ എം.എസ്.കെ പ്രസാദാണ്, അയ്യറാകും കോഹ്ലിക്ക് പകരക്കാരനാവുക എന്ന സൂചന നൽകിയത്. ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മറ്റി പാറ്റേൺ അനുസരിച്ച് കോഹ്ലി കളിക്കാതിരിക്കുകയാണെങ്കിൽ പകരം ശ്രേയസ് അയ്യറിനേയും, രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേലിനേയും, ഹാർദിക് പാണ്ട്യയ്ക്ക് പകരക്കാരനായി വിജയശങ്കറിനെയുമാകും ടീമിൽ എടുക്കുക എന്ന് പേര് വെളിപ്പെടുത്താത്ത സെലക്ഷൻ കമ്മറ്റി അംഗവും പറയുന്നു.

നേരത്തെയും കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ. 2017 ൽ ഓസ്ട്രേലിയയ്ക്കെതിരെ ധർമ്മശാലയിൽ നടന്ന ടെസ്റ്റിലായിരുന്നു അത്. എന്നാൽ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ആ മത്സരത്തിൽ ശ്രേയസ് അയ്യറിന് പുറത്തിരിക്കേണ്ടി വന്നു. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 53.90 ശരാശരിയിൽ 3989 റൺസ് നേടി മികച്ച റെക്കോർഡ് കൈവശമുള്ള അയ്യർ നിലവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. അത് കൊണ്ടു തന്നെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിലൂടെ താരം ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.