SHARE

ഇന്ത്യൻ സൂപ്പർ താരം ശ്രേയസ് അയ്യർ അടുത്ത സീസൺ ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിനൊപ്പമുണ്ടാകില്ലെന്ന് ഉറപ്പായി‌. വരും സീസണിൽ നായകനായി ടീമിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രേയസ്, ഡെൽഹി മാനേജ്‌മെന്റിനെ അറിയിച്ചതായും, എന്നാൽ നായകനായി പന്തിനെ നിലനിർത്താൻ ആഗ്രഹിക്കുന്ന ഡെൽഹി, ശ്രേയസിനെ ടീമിൽ നിലനിർത്തേണ്ടെന്ന തീരുമാനമെടുത്തെന്നുമാണ് സൂചനകൾ. പ്രമുഖ ഇന്ത്യൻ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ 2018 സീസണിന്റെ പാതിവഴിയിൽ വെച്ച് ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായി നിയമിതനായ അയ്യർ 2019 ലും, 2020 ലും ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. ഇതിൽ 2020 ൽ ടീം ചരിത്രത്തിലാദ്യമായി ഐപിഎൽ ഫൈനലിലുമെത്തി. എന്നാൽ പരിക്ക് മൂലം കഴിഞ്ഞ സീസണിൽ നിന്ന് അയ്യർ വിട്ടു നിന്നതോടെ ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കാൻ ഡെൽഹി തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ യു എ ഇ പാദമെത്തിയപ്പോളേക്കും അയ്യർ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പന്തിനെത്തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്താൻ അവർ തീരുമാനിക്കുകയായിരുന്നു. പോയ സീസണിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച പന്തിനെ ടീമിന്റെ ദീർഘകാല‌ ക്യാപ്റ്റനായി ഡെൽഹി തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചനകൾ. ഇത് കൊണ്ടു തന്നെയാണ് അയ്യർക്ക് ഇപ്പോൾ ഫ്രാഞ്ചൈസിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നിരിക്കുന്നത്.

അതേ സമയം അടുത്ത സീസണിലെ താരലേലത്തിന് മുന്നോടിയായി ഡെൽഹി ടീമിൽ നിലനിർത്തുക ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ എന്നിവരേയും ദക്ഷിണാഫ്രിക്കൻ പേസറായ ആൻറിച്ച് നോർക്കിയയേയുമായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇത് കൊണ്ടു തന്നെ‌ ശിഖാർ ധവാൻ, അജിങ്ക്യ രഹാനെ, ആവേശ് ഖാൻ എന്നീ ഇന്ത്യൻ സൂപ്പർ താരങ്ങൾ വരാനിരിക്കുന്ന മെഗാലേലത്തിൽ ലഭ്യമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.