SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തോൽവികൾ തുടർക്കഥയാക്കുകയാണ് ഡെൽഹി ഡെയർഡെവിൾസ്. ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് നായകനായിരുന്ന ഗൗതം ഗംഭീർ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. ശേഷം നായക സ്ഥാനമേറ്റെടുത്ത ശ്രേയസ് അയ്യർ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ചെങ്കിലും, കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ വീണ്ടും പരാജയം നുണയുകയായിരുന്നു. എന്നാൽ ചെന്നൈക്കെതിരെ ഡെൽഹിയെ തോൽപ്പിച്ചത് അമ്പയറിംഗ് പിഴവുകളാണെന്ന് അയ്യർ കുറ്റപ്പെടുത്തുന്നു.

മത്സരത്തിന്റെ ആദ്യ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ ചെന്നൈ ഓപ്പണർ ഷെയിൻ വാട്സൺ ഔട്ടല്ലെന്ന് വിളിച്ച മൂന്നാംഅമ്പയർ തീരുമാനത്തെയാണ് അയ്യർ കുറ്റപ്പെടുത്തുന്നത്. ഫീൽഡ് അമ്പയർ വിക്കറ്റ് വിധിച്ച‌ പന്തിൽ വാട്സൺ റിവ്യൂ ആവശ്യപ്പെടുകയും മൂന്നാം അമ്പയർ അത് വിക്കറ്റല്ലെന്ന് വിധിക്കുകയുമായിരുന്നു. എന്നാൽ പന്ത് വാട്സന്റെ പാഡിൽ കൊണ്ടതിന് ശേഷമാണ് ബാറ്റിൽ കൊണ്ടതെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു, എന്നിട്ടും മൂന്നാം അമ്പയർ അത് നോട്ടൗട്ട് വിധിക്കുകയായിരുന്നു. ജീവൻ തിരിച്ചു കിട്ടിയ വാട്സൺ പിന്നീട് തകർത്തടിക്കുകയും, 40 പന്തിൽ 78 റൺസ് നേടി ടീമിന് മികച്ച സ്കോർ സമ്മാനിക്കുകയുമായിരുന്നു.

മത്സരം തങ്ങളിൽ നിന്ന് തട്ടിയെടുത്തത് ഈ ഒരൊറ്റക്കാര്യം ആണെന്ന്ശ്രേയസ് അയ്യർ പറയുന്നു. അമ്പയർ കുറച്ച് കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ മത്സരഗതി മാറി മറിയുമായിരുന്നു, ഞാൻ മാത്രമല്ല നിങ്ങളെല്ലാവരും വിചാരിക്കുന്ന കാര്യങ്ങളാണിതൊക്കെ”, അയ്യർ പറഞ്ഞു നിർത്തി.