SHARE

ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. രോഹിത് ശർമ്മയുടേയും, വിരാട് കോഹ്ലിയുടേയും അഭാവത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയുണ്ട്. അതിനിടെ ഇപ്പോളിതാ ടെസ്റ്റ് സ്ക്വാഡിലെ പുതുമുഖമായ ശ്രേയസ് അയ്യർ നാളത്തെ മത്സരത്തിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുമെന്ന് ഉറപ്പായിരിക്കുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ നായകൻ അജിങ്ക്യ രഹാനെയാണ് അയ്യറിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചത്.

ആദ്യ ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെഷനുകളിൽ ശ്രേയസ് അയ്യറും, സൂര്യകുമാർ യാദവും ദീർഘനേരം ബാറ്റ് ചെയ്തിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു‌. എന്നാൽ ഇതിൽ ആരാകും പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കുക എന്ന കാര്യത്തിൽ നേരത്തെ വ്യക്തത വന്നിരുന്നില്ല. അയ്യർ ബാറ്റിംഗ് പരിശീലനത്തിന് പുറമേ ക്യാച്ചിംഗ്, ഫീൽഡിംഗ്, ബോളിംഗ് എന്നിവയിലും കുറച്ച് നേരം പരിശീലനം തേടിയെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ

അതേ സമയം പ്ലേയിംഗ് ഇലവനിൽ സ്ഥാനം ഉറപ്പായ അയ്യർ നാലാം നമ്പരിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനാണിത്. അത് കൊ‌ണ്ടു തന്നെ ആദ്യ ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടാലും കോഹ്ലി തിരിച്ചെത്തുന്നതോടെ രണ്ടാം ടെസ്റ്റിൽ ടീമിൽ നിന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കും.