SHARE

അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ കാഴ്ച്ച വെച്ചത്. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഗില്‍ മൂന്നു അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ടൂർണ്ണമെൻ്റിൽ സ്വന്തം പേരിലാക്കിയിരുന്നു.

പാകിസ്ഥാനെതിരെ നടന്ന നിര്‍ണ്ണായക സെമിഫൈനല്‍ മത്സരത്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി പിറന്നത്.തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ സീനിയര്‍ താരം യുവരാജ് സിംഗിന് നല്‍കിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍. യുവരാജാണ് തന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കിയതെന്നാണ് ഗില്‍ പറയുന്നത്. ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നേടുമ്പോഴാണ് ഗില്ലിന് യുവരാജുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചത്.

‘ യുവരാജ് ഭായ്, ഒരു പാട് ഉപദേശങ്ങള്‍ നല്‍കി. കളിക്കളത്തിനകത്തും പുറത്തുമുള്ള കാര്യങ്ങളെ കുറിച്ചും യുവരാജ് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുപാട് ഉപകാരപ്പെട്ടു, യുവരാജാണ് എൻ്റെ ഹീറോ,’ – ഗില്‍ പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഗില്‍ ഐ പി എല്ലിലുമെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഗില്ലിനെ 1.8 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്.