SHARE

സ്പാനീഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഇപ്പോളത്തെ മുഖമാണ് മാനേജര്‍ സിനദിന്‍ സിദ്ദാന്‍. റയലിന്റെ എല്ലാ സുപ്രധാന നീക്കങ്ങള്‍ക്കും പിന്നിലും ഇദ്ദേഹമാണ്. എന്നാല്‍ റയലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഈ മുന്‍ ഫ്രഞ്ച് താരം തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാരണമെന്തെന്നു ചോദിച്ചാല്‍ നിരാശയാണെന്നു പറയേണ്ടിവരും. പോള്‍ പോഗ്ബ എന്ന സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ കഴിയാത്തതിന്റെ കടുത്ത നിരാശ. ഒരു താരം വന്നില്ലെങ്കില്‍ ഒരായിരം താരങ്ങളെ എത്തിക്കാന്‍ കഴിവുള്ള ക്ലബ്ബാണ് റയല്‍ എന്ന് ഏവര്‍ക്കുമറിയാം. പിന്നെ പോഗ്ബയുടെ കാര്യത്തില്‍ മാത്രം എന്താണ് പ്രശ്‌നം എ്ന്നല്ലേ?

ഈ സീസണില്‍ താരക്കൈമാറ്റം ആരംഭിച്ചതുമുതല്‍ സിദ്ദാന്‍ ലക്ഷ്യമിട്ട ഒരു പിടി താരങ്ങളില്‍ ഒരാളാണ് പോഗ്ബ. പോഗ്ബയെ ടീമിലെത്തിച്ചിരിക്കുമെന്ന് സിദ്ദാന്‍ വ്യക്തിപരമായി പോഗ്ബയ്ക്കു വാക്കു കൊടുത്തിരുന്നുവെന്നാണ് വിവരം . ഇതു പാലിക്കാനാവാത്തതാണ് സിദ്ദാന്റെ നിരാശയ്ക്കു കാരണം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ് ഫീല്‍ഡറായ പോഗ്ബയ്ക്കായി റയല്‍ മാഡ്രിഡും യുവന്റസുമായിരുന്നു പ്രധാനമായും രംഗത്തുണ്ടായിരുന്നത്. എന്നാല്‍ പോഗ്ബയെ നിലവില്‍ ആര്‍ക്കും കൈമാറാന്‍ താത്പര്യമില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിനെ ഉദ്ധരിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടാണ് യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് താരക്കൈമാറ്റത്തിനുള്ള അവസാന ദിവസം.