SHARE

സിംബാബ്‌വെ ദേശീയ ടീമിലെ സൂപ്പര്‍ താരം ആരാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേയുള്ളു. സിക്കന്തര്‍ റാസ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന റാസയുടെ പ്രകടനങ്ങളാണ് അടുത്തിടെ സിംബാബ്‌വെ നേടിയ വിജയങ്ങളുടെ അടിത്തറ. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ റാസയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ താരപ്പൊലിമയുള്ള പേരുകാര്‍ക്കിടയില്‍ ഈ സിംബാബ്‌വെക്കാരന്‍ പിന്തള്ളപ്പെട്ടു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന ഒരു വിവരമാണ് റാസയുടെ ഐപിഎല്‍ മോഹത്തെ വീണ്ടും ജ്വലിപ്പിക്കുന്നത്. പരിക്കേറ്റ ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ക്കു പകരം റാസയെ ടീമിലെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് നീക്കം നടത്തുന്നുണ്ടെന്നാണ് വാര്‍ത്ത. പരിക്കേറ്റ സാന്റ്‌നര്‍ക്ക് ഒന്‍പതു മാസത്തേക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങാനാകില്ല. ഓള്‍റൗണ്ടറായ റാസയ്ക്ക് സാന്റ്‌നറുടെ അഭാവം മറികടക്കാന്‍ ആകുമെന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ സീസണില്‍ ഐപിഎല്‍ കളിക്കുന്ന ആദ്യ സിംബാബ്‌വെ താരമാകും റാസ.

പാക്കിസ്ഥാനിനെ സിയാല്‍കോട്ടില്‍ ജനിച്ച റാസ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം സിംബാബ്‌വെയിലേക്ക് കുടിയേറുകയായിരുന്നു. 84 ഏകദിനങ്ങളില്‍ നിന്നായി 2347 റണ്‍സും 47 വിക്കറ്റും നേടിയിട്ടുണ്ട്. ട്വന്റി-20യില്‍ 76 കളിയില്‍ 1631 റണ്‍സാണ് സമ്പാദ്യം. 128.56 റണ്‍സാണ് ആവറേജ്. നാലോവര്‍ വിശ്വസിച്ച് പന്ത് നല്കാവുന്ന ബൗളറുമാണ് ഈ 31കാരന്‍.