SHARE

ക്രിക്കറ്റിലെ പുതിയ ഏഷ്യന്‍ ശക്തികളാണ് നേപ്പാള്‍. ആവേശത്തിന്റെ കാര്യത്തില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും മുട്ടിനില്ക്കും എവറസ്റ്റിന്റെ നാട്ടിലെ ക്രിക്കറ്റ് ആരാധകര്‍. അടുത്തിടെ ഏകദിന പദവി കിട്ടിയ നേപ്പാള്‍ ക്രിക്കറ്റ് ലോകത്തും ചെറു ചലനങ്ങള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. നേപ്പാളില്‍ നിന്നുള്ള യുവസ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ ഐപിഎല്ലില്‍ ഉള്‍പ്പെടെ കളിച്ചു.

ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് നേപ്പാള്‍ ക്രിക്കറ്റില്‍ നിന്നു പറയാനുള്ളത്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ഈ രാജ്യത്തേക്ക് കളിക്കാനെത്തുന്നതാണ് പുതിയ വിശേഷം. നേപ്പാളിലെ പ്രധാന ട്വന്റി-20 ലീഗായ എവറെസ്റ്റ് പ്രീമിയര്‍ ലീഗാണ് മുന്‍നിര താരങ്ങളെ ആകര്‍ഷിക്കുന്നത്. സിംബാബ്‌വെയുടെ സൂപ്പര്‍ താരം സിക്കന്തര്‍ റാസയാണ് ഇപിഎല്ലില്‍ കളിക്കാന്‍ ഒപ്പുവച്ച പുതിയ താരം. കാഠ്മണ്ഡു കിംഗ്‌സിനു വേണ്ടിയാണ് റാസ കരാര്‍ ഒപ്പിട്ടത്.