കോസ്റ്റാറിക്കയ്ക്കെതിരെ നടന്ന ബ്രസീലിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, മത്സരത്തിലെ നെയ്മറിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചതായി പറഞ്ഞ് പ്രതിരോധതാരം തിയാഗോ സിൽ വ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കിയതോടെ സംഭവം ഫുട്ബോൾ ലോകത്ത് വൻ ചർച്ചാവിഷയവുമായി. ഇപ്പോളിതാ സംഭവത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി തിയാഗോ സിൽവ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
”നെയ്മറും താനും തമ്മിൽ എന്തോ വലിയ വഴക്കിലാണെന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്, എന്നാൽ അങ്ങനെയൊരു സംഭവമില്ല. ആൾക്കാർ നിരവധി കാര്യങ്ങൾ എന്നെയും നെയ്മറേയും ബന്ധപ്പെടുത്തി പടച്ച് വിടുന്നുണ്ട്, പക്ഷേ അതിലൊന്നും യാതൊരു സത്യവുമില്ല. കാരണം തങ്ങൾ തമ്മിൽ ഒരുവിധത്തിലുള്ള പ്രശ്നങ്ങളുമില്ല. നെയ്മറിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചതായി അന്ന് താൻ തമാശയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞതാണ്, എന്നാൽ അവർ സംഭവം വഷളാക്കി”. സിൽവ പറഞ്ഞു.
നേരത്തെ കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്, മത്സരത്തിനിടെ നെയ്മർ തന്നെ അപമാനിച്ചതായി സിൽവ പറഞ്ഞത്. മത്സരത്തിൻ്റെ അവസാന സമയം വരെ ഗോൾ നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. അതിനിടെ നെയ്മറെ എതിർ താരം ഫൗൾ ചെയ്തു. നെയ്മർ പെനാൽട്ടിക്ക് വേണ്ടി അപ്പീൽ ചെയ്യുമ്പോൾ സിൽവ കളി തുടരാൻ ഒരുങ്ങുകയായിരുന്നു. ഇത് നെയ്മറിനെ ചൊടിപ്പിക്കുകയും. താരം ദേഷ്യം പുറത്തു കാണിക്കുകയും ചെയ്തു. ഇക്കാര്യം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നാണ് അന്ന് സിൽവ തുറന്നു പറഞ്ഞത്.