ക്രിക്കറ്റ് അംപയറിങ്ങിന്റെ അവസാന വാക്കാണ് ഓസ്ട്രേലിയക്കാരനായ സൈമൺ ടൗഫെൽ. ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച അംപയറെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ടൗഫൽ 2004 മുതൽ തുടർച്ചയായി അഞ്ച് തവണയാണ് ഐസിസി പുരസ്കാരനം നേടിയത്.
2012-ൽ അംപയറിങ്ങിനോട് വിടപറഞ്ഞ ടൗഫൽ, ഇപ്പോൾ ഐസിസിയുടെ സഹകരണത്തോടെ ഓൺലൈനായി അംപയറിങ് കോഴ്സ് നടത്തുന്നുണ്ട്. വളരെയേറെ വിരസമായ ജോലിയാണ് അംപയറിങ് എന്ന വിമർശനമുണ്ട്. എന്നാൽ അംപയറിങ് വളരെയധികം വെല്ലുവിളി നിറഞ്ഞതും അതുപോലെ തന്നെ അംഗീകാരം ലഭിക്കുന്ന ഒന്നാണെന്നുമാണ് ടൗഫെലിന്റെ വാദം. ന്യൂസ്9 സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഒപ്പം അംപയർമാരായി കാണാൻ ആഗ്രഹിക്കുന്ന താരങ്ങളാരാണെന്നും ടൗഫെൽ വെളിപ്പെടുത്തി.
അംപയർ ദൗത്യം ഏറ്റെടുക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച മോർനെ മോർക്കെലിനെപ്പോലെയുള്ള താരങ്ങളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്, എന്നാൽ അംപയറിങ് എല്ലാവർക്കും പറ്റിയ പണിയല്ല, വിരന്ദർ സേവാഗിനേയോ വിരാട് കോഹ്ലിയേയോ രവിചന്ദ്രൻ അശ്വിനേയോ അംപയറായി കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, നിലവിലെ സാഹചര്യത്തിൽ കളിനിയമങ്ങളിലും മറ്റും അവർക്ക് നല്ല അറിവുണ്ട്, ടൗഫെൽ പറഞ്ഞു.