SHARE

കഴിഞ്ഞ ദിവസങ്ങളിലായി കായികലോകത്ത് വലിയ ചർച്ചയായ സംഭവമാണ് ആഷസ് രണ്ടാം ടെസ്റ്റിലെ ഇം​ഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകൽ. മത്സരത്തിന്റെ അവസാന ഇന്നിം​ഗ്സിൽ ഓസ്ട്രേലിയൻ താരം കാമറൂൺ ​ഗ്രീന്റെ ഒരു ഷോർട്ട് ബോൾ തലകുനിച്ച് ഒഴിവാക്കിയശേഷം ബെയർസ്റ്റോ ക്രീസ് വിട്ട് പുറത്തേക്ക് പോകുകയായിരുന്നു. ഈ സമയം ഓസ്ട്രേലിയൻ കീപ്പർ അലക്സ് കാരി പന്ത് സ്റ്റംപിലേക്കെറിഞ്ഞ് ബെയർസ്റ്റോയെ പുറത്താക്കുകയായിരുന്നു.

ബെയർസ്റ്റോയുടെ പുറത്താകലിൽ കളിനിയമങ്ങൾ പ്രകാരം തെറ്റൊന്നുമില്ല എന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും ഈ സാഹചര്യത്തിൽ കളിയുടെ സ്പിരിറ്റിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടുമുയരുകയാണ്. ഓസ്ട്രേലിയൻ ടീമിനെതിരെ ഇക്കാര്യത്തിൽ വിമർശനവും ശക്തമാണ്.

ഈ വിവാദത്തിൽ ഇപ്പോൾ വിഖ്യത അമ്പയറായ സൈമൺ ടോഫൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയക്കാരൻ കൂടിയായ ടോഫൽ, ബെയർസ്റ്റോയുടെ പുറത്താകൽ നിയമപരമായി ശരിയാണെന്നും വ്യക്തമാക്കി. ലിങ്ക്ഡ്ഇന്നിലെ പോസ്റ്റിലാണ് ടോഫൽ തന്റെ വിശദീകരണങ്ങൾ അക്കമിട്ട് നിരത്തുന്നത്.

തന്റെ അനുഭവത്തിൽ നിന്ന് ക്രിക്കറ്റിലെ ചില നിയമപ്രകാരമുള്ള പുറത്താക്കലുകൾ അം​ഗീകരിക്കാൻ കഴിയാത്തവർ, തങ്ങളുടെ ഭാ​ഗം ന്യായീകരിക്കാനായി കളിയുടെ സ്പിരിറ്റിനെക്കുറിച്ച് വാചാലരാകുമെന്നാണ് ടോഫൽ പറയുന്നത്. കീപ്പർ സ്റ്റംപ് ചെയ്തതിനെ ഏതെങ്കിലും അമ്പയർമാർ എതിർത്തോയെന്നും പുറത്താകലിനെക്കുറിച്ച ബെയർസ്റ്റോ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും ടോഫർ ചോദിച്ചു. നേരത്തെ ഓസ്ട്രേലിയൻ താരം മാർനസ് ലെബുഷെയിനെ ഇത്തരത്തിൽ സ്റ്റംപ് ചെയ്യാൻ ബെയർസ്റ്റോ ശ്രമിച്ചപ്പോൾ ആരെങ്കിലും പരാതി പറഞ്ഞോയെന്നും ടോഫൽ ചോദിച്ചു.