SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹപരിശീലകൻ താങ്ബോയ് സിങ്തോ ഐ.എസ്.എല്ലിൽ തന്നെ തുടരും. സൂപ്പർ ക്ലബായ ഹൈദരാബാ​ദ് എഫ്.സിയുടെ സഹപരിശീലകനായാണ് സിങ്തോയുടെ നിയമനം. ഒപ്പം ഹൈദരാബാദിന്റെ യൂത്ത് ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനവും സിങ്തോ വഹിക്കും. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

46-കാരനായ സിങ്തോ മണിപ്പൂർ സ്വദേശിയാണ്. ഹൈദരാബാദുമായി ദീർഘകാല കരാറാണ് സിങ്തോ ഒപ്പുവച്ചിരിക്കുന്നതെന്നാണ് സൂചന. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി കൈകോർത്ത ഹൈദരാബാദിന്റെ യൂത്ത് ഡെവലപ്മെന്റ് പദ്ധതികൾക്ക് സിങ്തോ നേതൃത്വം വഹിക്കുമെന്നാണ് സൂചന.

ഐ-ലീ​ഗ് ക്ലബ് ഷിലോങ് ലജോങ്ങിന്റെ പരിശീലകനെന്ന നിലയിലാണ് സിങ്തോ ശ്രദ്ധേയനായത്. 2017-ൽ സിങ്തോ കേരളാ ബ്ലാസ്റ്റേഴ്സിലെത്തി. റെനെ മ്യുളൻസ്റ്റിൻ പുറത്തായ ഒഴിവിൽ ക്ലബിന്റെ ഇടക്കാല പരിശീലകനുമായിരുന്നു സിങ്തോ. തുടർന്ന് 2019-ൽ ബ്ലാസ്റ്റേഴ്സ് വിട്ട സിങ്തോ, ഒഡിഷ എഫ്.സിയിൽ ചേക്കേറി. ഇക്കഴിഞ്ഞ ജൂണിൽ സിങ്തോ ഒഡിഷ വിട്ടിരുന്നു. തുടർന്നാണിപ്പോൾ പുതിയ ദൗത്യം.