SHARE

വെള്ളിയാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലെ സൂത്രധാരന്‍ ആരാകും. കളിക്കളത്തിലിറങ്ങുന്ന സി.കെ. വിനീതോ മാര്‍ക് സ്റ്റിഫ്‌നോസോ ആകില്ല കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നയാള്‍. അത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകന്‍ താങ്‌ബോയ് സിങ്‌തോ ആകും. മണിപ്പൂരില്‍ നിന്നുള്ള ഈ കുറിയ മനുഷ്യനാണ് ഐഎസ്എല്‍ ലേലത്തില്‍ വടക്കുകിഴക്കു നിന്നുള്ള താരങ്ങളെ കൂടുതലായി മഞ്ഞ ജേഴ്‌സിയിലെത്തിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ താരങ്ങളെ കൈവെള്ളയിലെന്ന പോലെ താങ്‌ബോയിക്ക് പരിചിതമാണ്. കോച്ച് റെനെ മ്യൂളസ്റ്റീന്‍ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ വടക്കുകിഴക്കന്‍ ഡെര്‍ബിയെന്ന് മത്സരത്തെ വിശേഷിപ്പിച്ചതും അതുകൊണ്ട് തന്നെ.

വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കളിക്കാര്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കാനുണ്ടെന്നത് ഒരു പ്രത്യേകതയാണ്. ഈ മത്സരത്തിനു ഇത് മറ്റൊരു പ്രത്യേക ഉള്‍ക്കാഴ്ച നല്‍കും. പ്രത്യേകിച്ച് താങ്‌ബോയി ടീമിനൊപ്പമുള്ളത് വളരെ സഹായകരമാണ്. ചില കളിക്കാരുടെ ഇടയിലേക്കും അവരുടെ ഗെയിമിന്റെ അകത്തളങ്ങളിലേക്കും കടന്നുചെല്ലാന്‍ അത് സഹായിക്കും. നമുക്ക് ഇത് അനുകൂലഘടകമാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു- മ്യൂളസ്റ്റീന്‍ പറയുന്നു. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഏഴുപേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. വികാരനിര്‍ഭരമായ മത്സരം ആയിരിക്കും നോര്‍ത്ത് ഈസ്റ്റിനെതിരായത്. എന്നാല്‍ മത്സരത്തിനിടെ വികാരങ്ങളുടെ കുത്തൊഴുക്ക് മാറ്റിനിര്‍ത്തി കളിക്കാന്‍ അവര്‍ക്കു കഴിയും-മ്യുളസ്റ്റീന്‍ പറഞ്ഞു.

-Advertisement-

കൊച്ചിയില്‍ ഇതുവരെ ആതിഥേയരെ തോല്‍പ്പിക്കാന്‍ നോര്‍ത്ത് ഈസറ്റിനു കഴിഞ്ഞട്ടില്ല എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കുമെന്ന് നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് കോച്ച് ജോവോ ഡി ദിയൂസ് പറയുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകന്‍ ഷില്ലോങ് ലജോങ്ില്‍ നിരവധി നോര്‍ത്ത് ഈസറ്റ് കളിക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും തന്റെ ഗെയിം പ്ലാനും ആശയങ്ങളും അദ്ദേഹത്തിനറിയില്ലെന്നു ജോവോ ഡി ദിയൂസ് പറഞ്ഞു. ‘ എന്റെ കളിക്കാര്‍ അവരുടെ പരിശീലകന്റെ ഐഡിയ അനുസരിച്ചായിരിക്കും കളിക്കുക. അതിനപ്പുറം മറ്റൊന്നിനും പ്രസക്തിയില്ല- ജോവോ ഡി ദിയൂസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനതിരെ മികച്ച റെക്കോര്‍ഡാണ് കേരള ബ്ലാസറ്റേഴ്‌സിനുള്ളത്. ഇതിനു മുന്‍പ് ആറ് തവണ ഇരുടീമുകളും എറ്റുമുട്ടിയതില്‍ മൂന്നു തവണ ബ്ലാസറ്റേഴ്‌സും രണ്ടു തവണ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡും ജയിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണതാരം ദിമിതര്‍ ബെര്‍ബറ്റോവിന് പരുക്കുമൂലം വെള്ളിയാഴ്ച്ച കളിക്കാന്‍ കഴിയില്ല. എന്നാല്‍ വിലക്കിനു ശേഷം സി.കെ. വിനീത് ഇറങ്ങും. ഒപ്പം വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും തിരിച്ചെത്തും.