SHARE

ഈ സീസണിലെ സൂപ്പർ കപ്പ് മത്സരങ്ങൾ ബഹിഷ്കരിച്ച ആറ് ഐലീഗ് ക്ലബ്ബുകൾക്ക് വമ്പൻ തുക പിഴ വിധിച്ച് ഓൾഇന്ത്യ ഫുട്ബോൾ ഫെഡറേഷ‌ൻ. നേരത്തെ സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐസ്വാൾ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, നെറോക്ക എഫ് സി, ഗോകുലം കേരള, മിനർവ്വ പഞ്ചാബ് എന്നീ ടീമുകൾക്ക് 10 ലക്ഷം രൂപയും, ഈസ്റ്റ് ബെംഗാളിന് 5 ലക്ഷം രൂപയുമായിരുന്നു എ ഐ എഫ് എഫ് ശിക്ഷ വിധിച്ചത്. എന്നാൽ ഇത് വർധിപ്പിച്ച് പിഴത്തുക 27.5 ലക്ഷം രൂപയായി എ ഐ എഫ് എഫ് ഉയർത്തുക യായിരുന്നു.

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ടീമുകൾക്ക് അയച്ച കത്തിലൂടെ എ ഐ എഫ് എഫിന്റെ അച്ചടക്ക‌ സമിതി ചെയർമാൻ ഉഷാനാഥ് ബാനർജിയാണ് പിഴത്തുക വർധിപ്പിച്ച കാര്യം അറിയിച്ചത്. എ ഐ എഫ് എഫ് പുറത്ത് വിടുന്ന കണക്കനുസരിച്ച് സൂപ്പർ കപ്പിലെ ഒരു മത്സരത്തിന് ചിലവായ തുക 17, 70, 135 രൂപയാണ്. ബഹിഷ്കരിച്ച മത്സരത്തിന്റെ ചിലവ് തുക ഈ‌ടീമുകളിൽ നിന്ന് പിരിക്കാനാണ് എ ഐ എഫ് എഫ് തീരുമാനം. ഇതോടെയാണ് നേരത്തെ വിധിച്ചിരുന്ന 10 ലക്ഷം രൂപയ്ക്ക് പുറമേ 17 ലക്ഷത്തിലധികം രൂപ കൂടി എ ഐ എഫ് എഫിന് നൽകണമെന്ന് അവർ ടീമുകൾക്ക് നിർദ്ദേശം നൽകിയത്.

ജൂൺ 30 ന് മുൻപ് ഈ പിഴത്തുക എ ഐ എഫ് എഫിൽ അടക്കണമെന്നാണ് ടീമുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ വരും സീസൺ മുതൽ ഈ ക്ലബ്ബുകൾക്ക് വിലക്കേർപ്പെടുത്തുമെന്നാണ് സൂചനകൾ. അതേ സമയം ഇതിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് ശിക്ഷ ലഭിച്ച ടീമുകളെന്നും റിപ്പോർട്ടുകളുണ്ട്.