SHARE

ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ക്ലബ് പരിശീലകനായി മാർക്കോ ബാൽബുളിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഒന്നരമാസത്തോളം മുമ്പ് ഇദ്ദഹം നോർത്ത് ഈസ്റ്റിലേക്ക് വരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഏറ്റവും വൈകി ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ നടത്തുന്ന നോർത്ത് ഈസ്റ്റ് ഇക്കാര്യം ഇന്നലെ മാത്രമാണ് പ്രഖ്യാപിച്ചത്.

നോർത്ത് ഈസ്റ്റും പരിശീലകനെ പ്രഖ്യാപിച്ചതോടെ എല്ലാ ഐഎസ്എൽ ക്ലബുകളിലേയും പരിശീലകരുടെ ചിത്രം തെളിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ വുകോമനോവിച്ച്, മുംബൈ സിറ്റിയുടെ ഡെസ് ബക്കിങ്ങാം, എടികെ മോഹൻ ബ​ഗാന്റെ ജുവാൻ ഫെറാൻഡോ, ഹൈദരബാദ് എഫ്സിയുടെ മനോലോ മാർക്വെസ് എന്നിവർ മാത്രമാണ് കഴിഞ്ഞ സീസണിലെ റോളിൽ ഇക്കുറിയും തുടരുന്നത്. മറ്റെല്ലാ ക്ലബുകൾക്കും ഇക്കുറി പുതിയ പരിശീലകനാണ്.

നോർത്ത് ഈസ്റ്റിന്റെ മാർക്കോയ്ക്ക് പുറമെ ജെംഷദ്പുരിന്റെ ഐഡി ബൂത്ത്റോയിഡ്, ചെന്നൈയിൻ എഫ്സിയുടെ തോമസ് ബർദാറിച്ച്. ബെം​ഗളുരു എഫ്സിയുടെ സൈമൺ ​ഗ്രേസൻ, ഒഡിഷയുടെ ജോസെപ് ​ഗോമ്പു, എഫ്സി ​ഗോവയുടെ കാർലോസ് പെന, ഈസ്റ്റ് ബം​ഗാളിന്റെ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്നിവരാണ് ഇക്കുറി പുതിയ പരിശീലകർ.

ഇതിൽ മാർക്കോ, ഐഡി, ബർദാറിച്ച്, ​ഗ്രേസൻ എന്നിവർ ഇന്ത്യൻ ആദ്യമായാണ് ഫുട്ബോളിന്റെ ഭാ​ഗമാകുന്നത്. ​ഗോമ്പു മുമ്പും ഒഡിഷയുടെ ഭാ​ഗമായിരുന്നു. കോൺസ്റ്റന്റൈന് ഇന്ത്യൻ ക്ലബ് ഫുട്ബോളിൽ ഇത് ആദ്യ ദൗത്യമാണ്. എന്നാൽ മുമ്പ് ദീർഘകാലം ഇന്ത്യൻ ദേശീയ ടീം പരിശീലകനായിരുന്നു അദ്ദേഹം. പെനയ്ക്കാകട്ടെ സീനിയർ ക്ലബ് പരിശീലകരം​ഗത്തെ ആദ്യ ദൗത്യമാണ് ​ഗോവയ്ക്കൊപ്പമുള്ളത്. എങ്കിലും മുമ്പ് രണ്ട് സീസൺ ​ഗോവയ്ക്കായി കളിച്ചതിന്റെ പരിചയം പെനയ്ക്കുണ്ട്.

പരിശീലകർ താരതമ്യേന ചെറുപ്പമാണെന്നത് ഇക്കുറി ശ്രദ്ധേയമാണ്. 37 വയസുള്ള ബക്കിങ്ങാമാണ് പരിശീലകരിലെ ബേബി. 39 വയസുള്ള പെനയാണ് ഇക്കാര്യത്തിൽ രണ്ടാമൻ. 59 വയസുള്ള സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് പരിശീലകരിലെ സീനിയർ. ആറ് പരിശീലകർ 50 വയസിൽ താഴെ പ്രായമുള്ളവരാണെന്നത് ശ്രദ്ധേയമാണ്.

പരിശീലകരിൽ ഇക്കുറിയും സ്പാനിഷ്-ഇം​ഗ്ലീഷ് ആധിപത്യമാണ്. നാല് വീതം പരിശീലകരാണ് ഇരുരാജ്യങ്ങളിൽ നിന്നുമായി ഐഎസ്എല്ലിലുള്ളത്. മാർക്വെസ്, പെന, ​ഗോമ്പു, ജുവാൻ ഫെറാൻഡോ എന്നിവരാണ് സ്പെയിനെ പ്രതിനിധീകരിക്കുന്നത്. കോൺസ്റ്റന്റൈൻ, ഐഡി, ​ഗ്രേസൻ, ബക്കിങ്ങാമെന്നിവരാണ് ഇം​ഗ്ലീഷ് പ്രതിനിധികൾ. ഇവാൻ സെർബിയയേയും ബർദാറിച്ച് ജർമനിയേയും മാർക്കോ ഇസ്രയേലിനേയും പ്രതിനിധീകരിക്കുന്നു.