SHARE

ഇപ്പോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് ശരിക്കും ‘കേരള’ ബ്ലാസ്റ്റേഴ്സ് ആയത്. ഒഡീഷ എഫ് സിക്കെതിരായ മത്സരം ആദ്യ മുപ്പത് മിനുട്ട് പിന്നിടുമ്പോൾ 6 മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നത്. പരിശീലകൻ എൽകോ ഷട്ടോറി പ്രഖ്യാപിച്ച ആദ്യ ഇലവനിൽ 4 മലയാളികളാണുണ്ടായിരുന്നതെങ്കിൽ ആദ്യ പകുതിയിൽ ടീമിന് വരുത്തേണ്ടി ‌വന്ന ചില നിർബന്ധിത സബ്സ്റ്റിറ്റ്യൂഷനുകൾ കളത്തിലെ മലയാളി താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തി.

ഗോൾകീപ്പർ ടിപി രഹനേഷ്, പ്രശാന്ത്, സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ എന്നിവരായിരുന്നു ഒഡീഷ എഫ് സി ക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലുണ്ടായിരുന്ന 4 മലയാളി താരങ്ങൾ. കളി തുടങ്ങി രണ്ടാം മിനുറ്റിൽ നായകൻ ജൈറോ റൊഡ്രീഗസ് പുറത്തേക്ക് പോയതോടെ, പകരം പരിശീലകൻ ഇറക്കിയത് മലയാളി പ്രതിരോധ താരം അബ്ദുൾ ഹക്കുവിനെ. ഇതോടെ കളത്തിൽ അഞ്ച് മലയാളികൾ ഒരുമിച്ച് കളിക്കുന്ന കാഴ്ച്ച കാണാൻ ആരാധകർക്ക് കഴിഞ്ഞു.

ഇരുപത്തിമൂന്നാം മിനുറ്റിൽ മുന്നേറ്റ താരം മെസിക്കും പരിക്ക് പറ്റിയതോടെ വീണ്ടും നിർബന്ധിത സബ്സ്റ്റിറ്റ്യൂഷന് ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. ഇത്തവണ കളത്തിലെത്തിയത് ഹെഡ് മാസ്റ്റർ മുഹമ്മദ് റാഫി. ഇതോടെ കളിക്കളത്തിൽ മലയാളികൾ മൊത്തം 6 പേരായി. കളിയുടെ ഫലമെന്തായാലും ഒരുമിച്ച് ഇത്രയും മലയാളി താരങ്ങൾ ഒരുമിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കുന്നത് കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ.