SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ചരിത്രത്തിൽ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം സീസണുകളിലൊന്നാണ് മാർച്ചിൽ അവസാനിച്ചത്. പതിവുപോലെ വലിയ പ്രതീക്ഷകളുമായെത്തിയാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയത്. ടീമിന്റെ പ്രകടനം മോശമായതോടെ സീസണിന്റെ അവസാനഘട്ടത്തിൽ പരിശീലകൻ കിബു വിക്കുനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കുകയും ചെയ്തു.

പകരക്കാരനെ ഇറക്കുന്നതിലടക്കം കിബുവിന്റെ തീരുമാനങ്ങൾ വലിയ വിമർശനമേറ്റുവാങ്ങിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായതിന്റെ ഉത്തരവാദിത്വം കിബുവിന് മാത്രമല്ലന്നാണ് ക്ലബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറയുന്നത്. ഐ.എസ്.എൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സ്കിൻകിസ് ഇക്കാര്യം പറഞ്ഞത്.

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായതിന് കാരണം കിബു മാത്രമാണോയെന്ന് എന്നോട് ചോദിച്ചാൽ, തീർച്ചയായും അല്ല എന്നാണ് എന്റെ മറുപടി, ടീമിന്റെ പ്രകടനത്തെ ബാധിച്ചത് പല കാരണങ്ങളാണ്, ടീമെന്ന നിലയിൽ ഒരുപാട് പിഴവുകൾ സംഭവിച്ചു, ചില താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ല, ഇതിനൊപ്പം കളിക്കാരുടെ മാനസികമായ ചില ബുദ്ധിമുട്ടുകളും ടീമിനെ ബാധിച്ചു, കിബുവൊരു നല്ല പ്രൊഫഷനലാണ്, കഴിവിന്റെ പരമാവധി കിബ ശ്രമിച്ചിട്ടുമുണ്ട്, ടീമിന്റെ മോശം പ്രകടനത്തിന് കാരണം കിബു മാത്രമല്ല, സ്കിൻകിസ് പറഞ്ഞു.