SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 162 റൺസ് വിജയ ലക്ഷ്യം. പല്ലക്കെലയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 161/9 എന്ന ഭേദപ്പെട്ട സ്കോർ നേടുകയായിരുന്നു. നേരത്തെ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചിരുന്നു. അത് കൊണ്ടു തന്നെ ഇന്ന് ജയിച്ചാൽ അവർക്ക് പരമ്പര സ്വന്തമാക്കാം

മത്സരത്തിൽ നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് പ്രതീക്ഷിച്ച തുടക്കം നൽകാൻ ഓപ്പണർമാർക്കായില്ല. 6.2 ഓവറുകളിൽ 40 റൺസെത്തിയപ്പോൾ ഓപ്പണർമാർ ഇരുവരും പവലിയനിൽ തിരിച്ചെത്തി. മൂന്നാമനായിറങ്ങിയ ആവിഷ്ക ഫെർണാണ്ടോ 25 പന്തിൽ 3 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 37 റൺസ് നേടി. നാലാമനായി ബാറ്റിംഗിനിറങ്ങിയ നിറോഷാൻ ഡിക്ക് വെല്ലയും മികച്ച രീതിയിൽ ബാറ്റ് വീശി. 30 പന്തിൽ 3 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 39 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

അവസാന ഓവറുകളിൽ 20 റൺസെടുത്ത ഷെഹാൻ ജയസൂര്യയുടെ ഇന്നിംഗ്സ് കൂടിയായപ്പോൾ, ലങ്ക 161/9 എന്ന ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. ന്യൂസിലൻഡിന് വേണ്ടി സെത്ത് റൻസ് മൂന്ന് വിക്കറ്റുകളും, ടിം സൗത്തി, സ്കോട്ട് കുഗെലിൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.